ആത്മീയ കൂട്ടായ്മയിലൂടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുവര്‍ഷം നീണ്ടുനിന്ന താമരശ്ശേരി രൂപത രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ആയിരങ്ങളാണ് സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവമ്പാടിയിലേക്ക് ഒഴുകിയെത്തിയത്.വൈകിട്ട് മൂന്നിന് സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍ നിന്ന് ആരംഭിച്ച വിശ്വാസപ്രഘോഷണ റാലി ടൗണ്‍ ചുറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് സമാപിച്ചു. കാല്‍നൂറ്റാണ്ടിനിടെ കൈവരിച്ച വിജയം ഉദ്‌ഘോഷിച്ചുകൊണ്ട് നടന്ന വിശ്വാസപ്രഘോഷണ റാലി അചഞ്ചല വിശ്വാസികളായ അല്‍മായരാണ് രൂപതയുടെ സമ്പത്തെന്ന് വിളിച്ചറിയിക്കുന്നതായി.പുല്ലൂരാമ്പാറയില്‍ നിന്ന്‍ നൂറുകണക്കിനാണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു
സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് വെള്ളമ്മാക്കല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിലൂടെ രൂപം കൊണ്ട കൂട്ടായ്മയിലൂടെയാണ് രൂപത കാല്‍നൂറ്റാണ്ട് വിജയകരമായി പിന്നിട്ടതെന്ന് ബിഷപ്പ് പറഞ്ഞു. കുടിയേറ്റത്തിന്റെ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ കൂട്ടായ്മയിലൂടെയാണ് സാധിച്ചത്. വിദ്യാഭ്യാസം, ആതുരസേവനം, പ്രാദേശിക വികസനം എന്നിവയുടെ കാര്യത്തില്‍ രൂപത ഏറെ മുന്നേറി- അദ്ദേഹം പറഞ്ഞു.
രജത ജൂബിലി സമാപനത്തിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 27 അല്‍മായരെ ആദരിച്ചു.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജൂബിലി സന്ദേശം നല്കി. ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, കല്യാണ്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, അദിലാബാദ് രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതവും അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ