16 ഒക്‌ടോബർ 2013

പതങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി.


                ഇരവഞ്ഞിപ്പുഴയില്‍ പതങ്കയം തൂക്കുപാലത്തിനടുത്ത്  മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു യുവാക്കളെ ആനക്കാംപൊയില്‍ പുനര്‍ജനി ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം.  വനത്തില്‍ മഴ പെയ്ത് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു.  പതങ്കയം ഭാഗത്ത് യുവാക്കള്‍  ഇരുന്ന  പാറക്കെട്ടിലും   വെള്ളം കയറാന്‍ തുടങ്ങിയതോടെ ഇവര്‍ക്ക് കരയിലേക്കെത്താന്‍ സാധിച്ചില്ല.  ഇവരുടെ അലറിക്കരച്ചില്‍ കേട്ട് പുഴയ്ക്ക് മറുകരയുള്ളവര്‍ ആനക്കാംപൊയില്‍ അങ്ങാടിയിലേക്ക് ഫോണ്‍ വഴി വിവരം അറിയിക്കുകയായിരുന്നു. 

              വീഡിയോ ദ്യശ്യം

           പുനര്‍ജനി പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തേക്ക് കുതിച്ചെത്തുകയും യുവാക്കള്‍ക്ക് വടം എറിഞ്ഞു കൊടുത്ത് അരയില്‍ ബന്ധിപ്പിച്ചെങ്കിലും, മലവെള്ളപ്പാച്ചില്‍ പെട്ടെന്ന് ശക്തമാവുകയായിരുന്നു. തുടര്‍ന്ന് ഏറെ സാഹസികമായാണ്, രക്ഷാപ്രവര്‍ത്തകര്‍  വടം ഉപയോഗിച്ച് യുവാക്കളെ സുരക്ഷിതമായി കരയില്‍ എത്തിച്ചത്. അതേ സമയം മലവെള്ളപ്പാച്ചില്‍ ഉണ്ടായ വിവരം അരിപ്പാറ വെള്ളച്ചാട്ട ത്തിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളെ  അറിയിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്ന നൂറോളം വരുന്ന വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റാന്‍ സാധിച്ചു.