27 ഒക്‌ടോബർ 2013

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു, മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പിന് സ്വീകരണം നല്കി.

                               തിരുശേഷിപ്പിന് സ്വീകരണം നല്കുന്നു.
              താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ സെന്ററില്‍ നടന്നുവന്ന അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു. വിശ്വാസ വര്‍ധനയ്ക്കും കുടുംബ നവീകരണത്തിനുമായാണ് 101 ദിനരാത്രങ്ങള്‍ നീണ്ടു നിന്ന ജപമാലാ സമര്‍പ്പണം നടത്തിയത്. സമാപന ദിവസമായ ഇന്നലെ രാവിലെ രൂപതയിലെ എല്ലാ ഇടവകളിലും സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പുല്ലൂരാംപാറ ദേവാലയത്തില്‍  എത്തിച്ചേര്‍ന്ന മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പിന് ബഥാനിയായില്‍  സ്വീകരണം നല്കി. 


          രാവിലെ 9.30ന് പുല്ലൂരാംപാറ ദേവാലയത്തില്‍ നിന്നും മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ആഘോഷമായി ബഥാനിയായിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന ജപമാലാ പ്രദക്ഷിണത്തിനും ആഘോഷമായ സമൂഹബലിക്കും  രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കി. വികാരി ജനറാള്‍മാരായ മോണ്‍. മാത്യു മാവേലില്‍, ഫാ. ജോണ്‍ ഉറവുങ്കര, ഫാ. അബ്രഹാം വള്ളോപ്പള്ളി, ഫാ. അജി പുതിയാപറമ്പില്‍, ഫാ. ജോമോന്‍ പാട്ടശ്ശേരി, ഫാ. തോമസ് എം.എസ്.ടി. എന്നിവര്‍ സഹകാര്‍മികരായി. സൗഖ്യാരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണ വിതരണം  എന്നിവയും നടന്നു.



            രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്നായരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ സമാപന ദിവസത്തെ ചടങ്ങുകളില്‍ പങ്കാളികളായി. ബഥാനിയ ഡയറക്ടര്‍ റവ. ഫാ. ബെന്നി മുണ്ടനാട്ട്, അസ്സിസ്റ്റന്‍റ്റ് ഡയറക്ടര്‍ ഫാ.അരുണ്‍ വടക്കേല്‍, ബാഥാനിയാ ശുശ്രൂഷകര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്കി.