14 സെപ്റ്റംബർ 2013

കനത്ത മഴയിലും ആവേശം ചോരാതെ വോളിബോള്‍ ടൂര്‍ണ്ണമെന്റ്.

      
                കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴ പതിവു തെറ്റിക്കാതെ ഇന്ന് ഉച്ച മുതല്‍ ആരംഭിച്ചെങ്കിലും കളിക്കാരുടെയും, അവരെ പ്രോത്സാഹിപ്പിക്കുന്ന കാണികളുടെയും ആവേശത്തെ തോല്പ്പിക്കാന്‍ മഴയ്ക്കായില്ല. കനത്ത മഴയെ വകവെയ്ക്കാതെ കോര്‍ട്ടിലിറങ്ങിയ കളിക്കാരെ  നാട്ടുകാര്‍ മഴ നനഞ്ഞ് ചേരിതിരിഞ്ഞ് പിന്തുണച്ച് ആവേശം നിറച്ചു. ദേശീയതാരങ്ങളടക്കമുള്ള കളിക്കാര്‍ മത്സരിച്ച ടൂര്‍ണ്ണമെന്റ് കാണാന്‍ കനത്ത മഴയെ അവഗണിച്ച് നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്. 


         പ്രദേശത്തെ വിവിധ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ സഹായ കൂപ്പണ്‍ നറുക്കിട്ടെടുത്ത് സമ്മനങ്ങള്‍ നല്കുകയുമുണ്ടായി. ആനക്കാംപൊയില്‍ ഭാഗത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന എക്സൈസ് പ്രവെന്റീവ് ഓഫീസര്‍ അപ്രതീക്ഷിതമായി വഴിയില്‍ നിന്നു വാങ്ങിയ കൂപ്പണാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം സിറില്‍ ജോസഫ് കണ്ടത്തുംതൊടുകയിലിന് ലഭിച്ചു. കളിയില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട പുത്തൂര്‍ ടീമിലെ റോബിന്‍ കാണികളുടെ വകയും ക്യാഷ് അവാര്‍ഡ് നല്കുകയുണ്ടായി. ടൂര്‍ണ്ണമെന്റ് കാണാനെത്തിയ പ്രവാസി മലയാളിയായ പുല്ലൂരാംപാറ സ്വദേശി പുത്തന്‍വീട്ടില്‍ ടൈറ്റസ് ആണ്, റോബിന് ആയിരം രൂപയുടെ ക്യാഷ്സമ്മാനിച്ചത്.