08 ഓഗസ്റ്റ് 2013

പുല്ലൂരാംപാറക്കാര്‍ അഭിനയിച്ച സിനിമ തിയേറ്ററില്‍.


    പുല്ലൂരാംപാറയില്‍ ചിത്രീകരണം നടന്ന ' കടല്‍ കടന്ന് ഒരുമാത്തുക്കുട്ടി ' എന്ന സിനിമ ഇന്ന് പെരുന്നാള്‍ റിലീസായി  തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ കൊമ്പൌണ്ടില്‍ വെച്ച് സിനിമയുടെ ചിലഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു ദിവസം മുഴുവനായി നടന്ന ചിത്രീകരണത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍  ഇവിടെ വെച്ചു നടന്ന ചിത്രീകരണം  മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍, ബാക്കി ഭാഗം കോഴിക്കോടുള്ള മറ്റൊരു സ്കൂളില്‍ വെച്ചാണു നടത്തിയത്. അതിനു വേണ്ടി ഇവിടെ നിന്ന് സ്കൂള്‍ കുട്ടികളെയും മറ്റും കൊണ്ടു പോയിരുന്നു. കൂടാതെ പുല്ലൂരാംപാറയില്‍ ഇട്ട അതേ സെറ്റ് തന്നെ കോഴിക്കോട്ടും ഇട്ടിരുന്നു.  അതു കൊണ്ടു തന്നെ ഇവിടെ ചിത്രീകരിച്ച  ഭാഗങ്ങള്‍ സിനിമയില്‍ വരില്ലെന്നും, അതേ സമയം ഇതേ സീനുകള്‍ കോഴിക്കോട് വീണ്ടും ഷൂട്ട് ചെയ്തുവെന്നും ഒരു സംസാരം വന്നിരുന്നു. 



                                           സിനിമയുടെ ട്രെയിലര്‍

         ഏതായാലും  കഷ്ടപ്പെട്ട് വെയിലും കൊണ്ട് അഭിനയിച്ചവര്‍ക്ക് സമാധാനിക്കാം,  ഇപ്പോള്‍ വന്നിരിക്കുന്ന സിനിമയുടെ ട്രെയിലറില്‍ ഇവിടെ വെച്ചു നടന്ന് ഷൂട്ടിംഗിന്റെ ഭാഗങ്ങളുണ്ട്.  ഇവിടെ അടുത്ത്,  മുക്കത്തെ റോസ് , ലിറ്റില്‍ റോസ് എന്നീ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ നല്ലതാണേലും, അല്ലെങ്കിലും  അഭിനയിച്ച കുറെപ്പെരെങ്കിലും ഈ പെരുന്നാളിന് തിയേറ്ററില്‍ പോകും തങ്ങളുടെ തല ബിഗ് സ്ക്രീനില്‍ വന്നിട്ടുണ്ടോ എന്നു നോക്കാന്‍.

സിനിമയുടെ ഒരു റിവ്യു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 ഷൂട്ടിംഗ് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍

'താരങ്ങള്‍' പുല്ലൂരാംപാറയുടെ മണ്ണിലിറങ്ങിയപ്പോള്‍ .............

പുല്ലൂരാംപാറ ഷൂട്ടിംഗ് ലൊക്കേഷന്‍ വിശേഷങ്ങള്‍. 

  നാട്ടുകാരെയും സിനിമയിലെടുത്തു.