26 ജൂലൈ 2013

പതിറ്റാണ്ടുകള്‍ക്കു ശേഷം കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു.


  
      കുടിയേറ്റത്തിന്റെ ആരംഭ കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ നേരിട്ട പ്രതിസന്ധികളിലൊന്നായിരുന്നു ദുര്‍ഘടമായ കാലാവസ്ഥ. കാലവര്‍ഷത്തിന്റെ ഭീകരത നേരില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത, ആ തലമുറയ്ക്കു ശേഷം ഇക്കാലങ്ങള്‍ വരെയും  കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം കാലവര്‍ഷം വെറുതെ പെയ്തു തീരുന്ന കാഴ്ചകള്‍ കണ്ടു ശീലിച്ച പുതു തലമുറയ്ക്ക്   മുന്നില്‍ ഇക്കൊല്ലം   തനി സ്വരൂപത്തോടെ അവതരിച്ചിരിക്കുകയാണ് കാലവര്‍ഷം.


           രണ്ടു പതിറ്റാണ്ടിനു ശേഷം ലഭിക്കുന്ന അതിശക്തമായ കാലവര്‍ഷമാണ് ഇപ്പോഴത്തേത്. മഴയോടൊപ്പമുള്ള അതിശക്തമായ കാറ്റും കൊടും തണുപ്പും, മലയോര മേഖലയില്‍ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്. ഉറവകള്‍ പൊട്ടി  ഒഴുകി പോകുന്നതു മൂലം   മിക്ക റോഡുകളും  തകര്‍ന്നു തുടങ്ങിയിരിക്കുന്നത് ഗതാഗതം ദുര്‍ഘടമാക്കിയിട്ടുണ്ട്. പുഴകള്‍ നിറഞ്ഞൊഴുകുന്നതിനാല്‍    മേഖലയിലെ വൈദ്യുതോല്പാദന കേന്ദ്രങ്ങള്‍ രണ്ടു മാസമായി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.


            രാത്രിയിലും പകലുമായി ഇടവിട്ടു പെയ്യുന്ന മഴയില്‍,  വെള്ളത്തിന് ഒഴുകി പോകുവാനുള്ള സമയം ലഭ്യമാക്കിയാണ് പെയ്തു  കൊണ്ടിരിക്കുന്നത് എന്ന പ്രത്യേകത ശക്തമായ വെള്ളപ്പൊക്കത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയിട്ടുള്ളത് താല്ക്കാലിക ആശ്വാസം പകരുന്നുണ്ട്. എങ്കിലും   ഉരുള്‍പൊട്ടലിന്റെ ഭീതി വിട്ടുമാറിയിട്ടില്ലാത്ത മലയോര ജനതയുടെ മനസ്സില്‍ ആകുലത വിതച്ച് പെയ്തു തുടങ്ങിയ കാലവര്‍ഷം പതിവില്ലാത്ത വിധം ശക്തമായത് ആശങ്കയുണര്‍ത്തുന്നുണ്ട്.