19 ജൂൺ 2013

കാലവര്‍ഷ കാറ്റ് മലയോര മേഖലയില്‍ നാശം വിതയ്ക്കുന്നു.

പൊന്നാങ്കയം -പുന്നക്കല്‍ റോഡില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം ഒടിഞ്ഞു വീണ ദ്യശ്യം   
         കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോള്‍, മലയോര മേഖലയില്‍ മഴയോടൊപ്പം വീശുന്ന അതിശക്തമായ കാറ്റില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി  രാത്രി കാലങ്ങളില്‍ വീശിയ കാറ്റ് വ്യാപകമായ  ക്യഷി നാശത്തിനും , നിരവധി വീടുകളുടെ തകര്‍ച്ചയ്ക്കും,  വൈദ്യുതി തകരാറുകള്‍ക്കും വഴി വെച്ചു. രാത്രി മൂന്നു മണിയോടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍  കാറ്റ് വീശിയടിച്ചത് ഇതിനെ തുടര്‍ന്ന്  മരങ്ങള്‍ കടപുഴകി വീണ്  തിരുവമ്പാടി,കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ റോഡുകളില്‍  ഗതാഗത തടസ്സങ്ങളുണ്ടായി. രണ്ടു ദിവസം മുന്‍പ് വീശിയ കാറ്റില്‍ ആനക്കാംപൊയില്‍ റോഡില്‍ മാവാതുക്കലില്‍ മരം ​വീണതിനെ തുടര്‍ന്ന് അതിരാവിലെ 4.30 നു ആനക്കാംപൊയിലില്‍ നിന്ന് പുറപ്പെട്ട കട്ടപ്പന ബസ്സിന്റെ യാത്ര തടസ്സപ്പെട്ടു. തുടര്‍ന്ന് മുക്കത്തു നിന്ന് ഫയര്‍ ഫോഴ്സെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.

              കഴിഞ്ഞ ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് വീശിയ കാറ്റില്‍ മഞ്ഞു വയല്‍ ഭാഗത്ത്  വ്യാപകമായ നാശ നഷ്ടങ്ങളാണ്  ഉണ്ടായത്, നിരവധിയാളുകളുടെ റബര്‍, കൊക്കോ, കമുക്, കശുമാവ് തുടങ്ങിയ കാര്‍ഷിക വിളകളും വന്‍ മരങ്ങളും കാറ്റില്‍ നിലം പൊത്തുകയുണ്ടായി.      കൂടാതെ വിവിധ ദിവസങ്ങളിലായി വീശിയ കാറ്റില്‍  കോടഞ്ചേരി ഭാഗത്തും പൊന്നങ്കയം ഭാഗത്തും, തിരുവമ്പാടിപുല്ലൂരാംപാറ റോഡിലും മരങ്ങള്‍ വൈദ്യുതി പോസ്റ്റുകള്‍ക്കു മേലെ ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനുകള്‍ ക്ക് തകരാര്‍ സംഭവിച്ചു. അതേ സമയം നാരങ്ങാത്തോട് വീശിയ കാറ്റിനെ തുടര്‍ന്ന്  ഇതു വഴി ആനക്കാംപൊയിലേക്ക് പോകുന്ന വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ആനക്കാംപൊയില്‍ ഭാഗം ദിവസങ്ങളായി ഇരുട്ടിലാണ്. കാലവര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിശക്തമായി പെയ്തു കൊണ്ടിരിക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതുന്നു.
                     മഞ്ഞുവയല്‍ ഭാഗത്ത് റബര്‍ മരങ്ങള്‍  ഒടിഞ്ഞു വീണ ദ്യശ്യങ്ങള്‍