താമരശ്ശേരി രൂപതയുടെ കീഴിലുള്ള എപ്പാര്‍ക്കിയല്‍ സ്പോര്‍ട്സ് അക്കാദമിയുടെ സമ്മര്‍ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പിന് പുല്ലൂരാംപാറയില്‍ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പന്ത്രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ ആറാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള നൂറ്റിരുപതിലധികം വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പങ്കെടുക്കുന്നത്. വിവിധ സ്കൂളുകളില്‍ നിന്നുള്ള പത്തോളം കായികാധ്യാപകരാണ് പരിശീലനത്തിന് നേത്യത്വം നല്കുന്നത്.
പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിലാണ് പരിശീലനത്തിന് സൌകര്യം ഒരുക്കിയിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൌകര്യം ഹൈസ്കൂള്‍ കെട്ടിടത്തിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലനത്തോടൊപ്പം കായികവിദഗ്ദരുടെ ക്ലാസുകള്‍, കലാപരിപാടികള്‍, ഔട്ടിംഗ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. അത് ലറ്റിക് വിഭാഗത്തിലാണ് പുല്ലൂരാംപാറയില്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അതല്റ്റിക്കിനു പുറമെ വോളിബോളിലും, ഫുട്ബോളിലും കോച്ചിംഗ് ക്യാമ്പ് നടത്തുന്നുണ്ട്. വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് പുലിക്കയത്തുള്ള മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. ഫുട് ബോള്‍ കോച്ചിംഗ് ക്യാമ്പ് കല്ലാനോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും.