13 ഡിസംബർ 2012

മലയോരമണ്ണിന് ആവേശമായി മലയാളത്തിന്റെ മഹാനടന്‍.


          മലയോര മേഖലയില്‍ ആദ്യമായെത്തിയ മലയാളത്തിന്റെ മഹാനടനെ കാണുവാന്‍ നിരവധിയാളുകളാണ് പുല്ലൂരാംപാറയിലും, ആനക്കാംപൊയിലുമായി തടിച്ചു കൂടിയത്. രാവിലെ മണിയോടെ വെള്ള നിറത്തിലുള്ള മിത്സുബുഷി പജീറോ സ്പോര്‍ട്സ് വാഹനത്തില്‍  പുല്ലൂരാംപാറ പൊന്നാങ്കയത്തുള്ള മണ്ഡപത്ത് വീട്ടില്‍  വന്നിറങ്ങിയ മോഹന്‍ലാലിനൊപ്പം ഷൂട്ടിംഗ് സംഘവും എത്തി. അദ്ദേഹത്തിന് വിശ്രമിക്കുവാനും മറ്റുമായി കൂടെ ഒരു കാരവാനും. പത്തരയോടെ ആരംഭിച്ച ഷൂട്ടിംഗ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അവസാനിച്ചു. മോഹന്‍ലാലിനെ  നേരില്‍ കാണുവാനായി ധാരാളം ആളുകള്‍ പൊന്നാങ്കയത്ത് ഷൂട്ടിംഗ് നടക്കുന്ന മലമുകളിലുള്ള വീട്ടിലേക്കെത്തിയിരുന്നു. 


            ഉച്ചയോടെ ആനക്കാംപൊയിലിലെത്തിയ ഷൂട്ടിംഗ് സംഘം ഇവിടെ അങ്ങാടിയിലാണ് ചിത്രീകരണം നടത്തിയത്. മോഹന്‍ലാല്‍ വാഹനത്തിനു പുറത്തിറങ്ങിയപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ച്ചക്കാര്‍ ആവേശത്തിലായിരുന്നു. ഇവിടെ നടന്ന ഷൂട്ടിംഗില്‍ ശ്രീ മോഹന്‍ലാലിനൊപ്പം പ്രശസ്ത ഹാസ്യ നടന്‍ ശ്രീ സുരാജ് വെഞ്ഞാറാമൂടും, ടി.ജെ.രവിയുമുണ്ടായിരുന്നു. കൂടാതെ മലയാളത്തിലെ പ്രശസ്തരായ മറ്റഭിനേതാക്കളും. വൈകുന്നേരം ആറരയോടെ ഇവിടുത്തെ ചിത്രീകരണം അവസാനിപ്പിച്ച ശേഷം  മോഹന്‍ലാലും സംഘവും തിരികെ കോഴിക്കോട്ടേയ്ക്കു പോവുകയുണ്ടായി.


                 മോഹന്‍ ലാലിന്റെ ഏറ്റവും പുതിയ സിനിമയായ റെഡ് വൈനിന്റെ ചില ഭാഗങ്ങളാണ് മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിച്ചത്. ഒരു രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്ന് കേസന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥന്റെ വേഷമാണ് ശ്രീ മോഹന്‍ലാലിനുള്ളത്. അദ്ദേഹത്തോടൊപ്പം മലയാളത്തിലെ പ്രമുഖ യുവ നടന്മാരായ ഫഹദ് ഫാസിലും ആസിഫ് അലിയും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇതില്‍ ഫഹദ് ഫാസിലിനിനെ വെച്ചുള്ള ഷൂട്ടിംഗ് ഇതേ സ്ഥലങ്ങളില്‍ അടുത്തയാഴ്ച വീണ്ടും നടക്കും. 

 ചിത്രങ്ങള്‍ ഫെയ്സ്ബുക്ക് വഴി ഷെയര്‍ ചെയ്ത് ലഭിച്ചവയാണ്.