29 നവംബർ 2012

ദേശസ്നേഹമുണര്‍ത്തുന്ന വാഗാ ബോര്‍ഡര്‍..

വാഗാ അതിര്‍ത്തി
          ഇത് വാഗ അതിര്‍ത്തി, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൌഹ്യദം  കൈമാറുന്ന ഏക അതിര്‍ത്തി. ഇന്ത്യയുടെയും,   പാക്കിസ്ഥാന്റെയും യാത്രാ-ചരക്കു  നീക്കങ്ങളും  വാഗാ അതിര്‍ത്തി വഴിയാണ്. തടവുകാരെ കൈമാറുന്നതും ഇവിടെ വെച്ചു തന്നെ. ചണ്ഢിഗഢ് എയര്‍പോര്‍ട്ടില്‍ നിന്നും ഏതാണ്ട് 350 കി.മീ ദൂരം യാത്ര ചെയ്താല്‍  വാഗാ അതിര്‍ത്തിയിലെത്താം. വാഗാ അതിര്‍ത്തിയുടെ നിയന്ത്രണം  ബി.എസ്.എഫ്. ജവാന്‍മാരുടെ ചുമതലയിലാണ്. ഇവിടുത്തേ പ്രധാന ചടങ്ങ് എന്നു പറയുന്നത്,  സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും ദേശീയ പതാക താഴ്ത്തലാണ്.

ഇന്ത്യയുടെ ഭാഗത്തെ നിറഞ്ഞ ഗാലറി
              സമയം 4.30 ഇന്ത്യയുടെ ഭാഗത്തെ ഗാലറികള്‍ നിറഞ്ഞിരിക്കുന്നു. അപ്പുറത്ത് പാക്കിസ്ഥാന്റെ ഗാലറി ശൂന്യം. ദേശസ്നേഹമുണര്‍ത്തുന്ന  മുദ്രാവാക്യങ്ങളാല്‍  ബി.എസ്.എഫ്. ഓഫീസര്‍  കാഴ്ചക്കാരെ ജ്വലിപ്പിക്കുന്നു. നമ്മെക്കൊണ്ട് അവര്‍ എറ്റു വിളിപ്പിക്കുന്നു. ഉച്ചഭാക്ഷിണിയിലൂടെ ദേശഭക്തിഗാനങ്ങള്‍ ഒഴുകുന്നു അതിനൊപ്പിച്ച് യുവതികളുടെ ചെറു സംഘങ്ങള്‍ ന്യത്തം ചെയ്യുന്നു. ചിലര്‍  ദേശീയ പതാകയുമായി പാക്കിസ്ഥാന്റെ അതിര്‍ത്തി വരെ ഓടുന്നു. എങ്ങും ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന അന്തരീക്ഷം  നമ്മളും മനസ്സുകൊണ്ട് പട്ടാളക്കാരനായി മാറുന്നു.

ദേശീയ പതാകയുമായി യുവതികള്‍
                    സമയം 5.30 ആകുന്നു പതാക താഴ്ത്തല്‍ ചടങ്ങ് ആരംഭിക്കുകയായി. അതാ ബി.എസ്.എഫിലെ രണ്ട് പെണ്‍ പുലികള്‍  വരുന്നു അവര്‍ മാര്‍ച്ചു ചെയ്ത് ഗെയിറ്റിന്റെ സമീപത്തേക്ക് പോകുന്നു. അവിടെച്ചെന്ന് കാല്‍ പരമാവധി തലയ്ക്കു മുകളില്‍ ഉയര്‍ത്തി നിലത്ത് ആഞ്ഞു ചവിട്ടി, പിന്നെ ഇടത്തേക്കും വലത്തേക്കും രണ്ടു ചാട്ടം, അതു കഴിഞ്ഞ് റോഡിന്റെ ഇരുവശത്തുമായി അറ്റന്‍ഷനായി നിന്നു. പിന്നാലെ ബി.എസ്.എഫിന്റെ ആണ്‍ സിംഹങ്ങള്‍ മാര്‍ച്ചു ചെയ്തു വരുന്നു. ഇരു രാജ്യങ്ങളുടെയും ഗെയിറ്റു തുറക്കുന്നു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ജവാന്‍മാര്‍ പരസ്പരം അഭിമുഖമായി നിന്ന് കാല് പരമാവധി തലയ്ക്കു മുകളില്‍ ഉയര്‍ത്തി നിലത്ത് ആഞ്ഞു ചവിട്ടുന്നു.  തുടര്‍ന്ന് ഇടത്തേക്കും വലത്തേക്കും തിരിഞ്ഞ് ഇതേ പ്രക്രിയ നടത്തുന്നു. ഇതിനിടയില്‍ ഈ ജവാന്‍മാര്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നുമുണ്ട്. "ഇപ്പോള്‍ അടി പൊട്ടും" ഞാന്‍ മനസ്സില്‍ വിചാരിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇരു രാജ്യത്തെയും ജവാന്‍മാര്‍ പരസ്പരം ​ഹസ്തദാനം ചെയ്ത് പിന്‍മാറി. ഉച്ചഭാക്ഷിണിയിലൂടെ രണ്ടു രാജ്യങ്ങളുടെയും ദേശീയ ഗാനം മുഴക്കുന്നു. തുടര്‍ന്ന് സാവധാനം ഇരു രാജ്യങ്ങളും തങ്ങളുടെ ദേശീയ പതാക താഴ്ത്തുന്നു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി അടയ്ക്കുന്നു. വാഗായിലെ ചടങ്ങ് അവസാനിക്കുന്നു.

ഇരു രാജ്യങ്ങളുടെയും ദേശീയ പതാക താഴ്ത്തുന്നു
           വല്ലാത്തൊരു അനുഭവമാണ് വാഗ അതിര്‍ത്തി നമുക്കു സമ്മാനിക്കുന്നത്. 1947നു മുന്‍പ് നമ്മുടേതായിരുന്ന ഭൂമി ഒരു മുള്ളു വേലിക്കപ്പുറത്ത് പാക്കിസ്ഥാന്‍ എന്ന രാജ്യമായി മാറിയിരിക്കുന്നു. ആ മുള്ളുവേലിക്കപ്പുറത്തു നിന്ന് അവര്‍ നമുക്ക് തന്നതെന്താണ്. അശാന്തി, തീവ്രവാദി ആക്രമണം, വ്യാജകറന്‍സി, സൈബര്‍ അക്രമണം. മുള്ളുവേലിക്ക് അരികെ നിന്ന് പാക്കിസ്ഥാന്റെ ഭൂമിയിലേക്ക് കണ്ണു പായിച്ചപ്പോള്‍ എന്റെ മനസ്സിലെ ചിന്തകള്‍ ഇതെല്ലാമായിരുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം ആളുകള്‍ എന്നെ കടന്നു പോകുന്നു. അക്കൂട്ടത്തില്‍ തമിഴനും, തെലുങ്കനും, ഗുജറാത്തിയും, മറാത്തിയുമെല്ലാമുണ്ട്. ഞാന്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു ' ഭാരത് മാതാ കീ ജയ് ' മുള്ളു വേലിക്കപ്പുറത്തേ പാക്കിസ്ഥാനി കേട്ടിട്ടുണ്ടാവണം.

ലേഖകന്‍ സുഹ്യത്തുക്കളോടൊപ്പം വാഗാ അതിര്‍ത്തിയില്‍

തയാറാക്കിയത്: റോബിന്‍ ആക്കാട്ടുമുണ്ടക്കല്‍ 

(പുല്ലൂരാംപാറ വാര്‍ത്തകളുടെ എഡിറ്ററായ ലേഖകന്‍, പഞ്ചാബിലെ  പ്രസിദ്ധമായ ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയായ  വാഗയിലേക്കു നടത്തിയ സന്ദര്‍ശനത്തിന്റെ വിവരണമാണ് മുകളില്‍ നല്കിയിട്ടുള്ളത്)