25 മേയ് 2012

ഒരവധിക്കാലം കൂടി കഴിയുമ്പോള്‍ .....

പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നിന്നുള്ള ദ്യശ്യം
      അങ്ങനെ ഒരു വേനലവധിക്കാലവും  തീരാറായി. കുട്ടികളെങ്ങും കളികളുടെ മൂര്‍ദ്ധന്യത്തിലാണ് ഇനി കുറച്ചു ദിവസങ്ങളേ ഉള്ളുവെന്നാലും  അവധിക്കാലമെന്ന സ്വാതന്ത്ര്യത്തിന്റെ സന്തോഷം മതിയാവുവോളം ആസ്വദിക്കണമെന്ന വാശിയിലാണവര്‍. എങ്കിലും കാലമെന്ന മാറ്റത്തിന്റെ ഒഴുക്കില്‍പ്പെട്ടില്ലെ കുട്ടികള്‍ എന്ന കാര്യവും വിസ്മരിക്കാന്‍ കഴിയില്ല. കമ്പ്യൂട്ടറും ടെലിവിഷനുമെന്ന മാസ്മരിക ലോകത്തിന്റെ വലയില്‍ കുട്ടികള്‍ വീണു കിടക്കുന്ന കാലം കൂടിയാണിത്. സ്കൂള്‍ ബസില്‍ കയറി സ്കൂള്‍ മുറ്റത്ത് ഇറങ്ങി തിരിച്ച് വൈകുന്നേരം പഠനവും കഴിഞ്ഞ് അതേ ബസില്‍ തന്നെ വീട്ടു മുറ്റത്ത് ഇറങ്ങുന്ന  ഈ പുതിയ തലമുറയിലുള്ള  കൂട്ടികള്‍ക്ക്  താന്‍ ജീവിക്കുന്ന  സമൂഹത്തെക്കുറിച്ചോ മറ്റുമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ അറിയില്ല. അങ്ങനെയാണ് എല്ലാ കുട്ടികളെന്നും പറയാന്‍ കഴിയില്ലെങ്കിലും ഭൂരിപക്ഷം വരുന്ന കുട്ടികളും ഇന്നങ്ങനെയാണ് അല്ലെങ്കില്‍ നാളെയങ്ങനെയായിരിക്കുമെന്നത് ഉറപ്പായ കാര്യവുമാണ്.
പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നുമുള്ള ദ്യശ്യം
          പണ്ടു കാലങ്ങളില്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്നാണ് സ്കൂളുകളില്‍ പൊയ്ക്കൊണ്ടിരുന്നത് അന്ന് കൂട്ടമായി സഞ്ചരിക്കുകയും പോകുന്ന വഴികളില്‍ കാണുന്ന മാവിന്റെയോ പേരയുടെയോ മുകളില്‍ കയറി ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്ത് ഒരു കൂട്ടായ്മയുടെയും, സമൂഹത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിവുള്ളവരായുമുള്ള ഒരു പഠനവുമാണവര്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ കാലഘട്ടം മാറി അതിനാല്‍  പുരോഗതിയുടെ ഗുണങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും മക്കള്‍ക്കെങ്കിലും ലഭിക്കട്ടെ എന്നു പറഞ്ഞ് കൈകഴുകാമെങ്കിലും അന്നവര്‍ നേടിയ അറിവുകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അനിവാര്യമായ ഈ മാറ്റത്തെ അംഗീകരിച്ചുകൊണ്ട് നമുക്ക് എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയും? എന്നതാണ് അവശേഷിക്കുന്ന ചോദ്യം. 
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍