വി. യൌസെപ്പിതാവിന്റെ നാമധേയത്തിലുള്ള പുല്ലൂരാംപാറ ദേവാലയത്തില്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷവും ഊട്ടു നേര്‍ച്ചയും ഇന്ന് നടന്നു. ഇന്ന് രാവിലെ പത്തു മണിക്ക് അര്‍പ്പിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചത് താമരശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.തോമസ് നാഗപറമ്പിലാണ്. വി .കുര്‍ബാനയിലും ലദീഞ്ഞിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുനാള്‍ കൂടാതെ ഞായറാഴ്ചയായതിനാലും വി.കുര്‍ബാനക്ക് സാധാരണയില്‍ കവിഞ്ഞ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാല്‍ ദേവാലയത്തിന്റെ മുന്‍വശത്ത് പന്തലിട്ട് കസേരകള്‍ സജ്ജമാക്കിയിരുന്നു.
പന്ത്രണ്ടരയോടെ നേര്‍ച്ച ഭക്ഷണം പാരീഷ് ഹാളിനോട് അനുബന്ധിച്ച് ഇട്ട പന്തലില്‍ വച്ച് വിതരണം ചെയ്തു. നേര്‍ച്ച ഭക്ഷണം കഴിക്കുന്നതിനായി നീണ്ട വരികള്‍ ദ്യശ്യമായിരുന്നു.കൈക്കാരന്‍മാരും പാരീഷ് കൌണ്‍സില്‍ മെമ്പേഴ്സും ഭക്ത സംഘടനകളില്‍പ്പെട്ടവരും നേര്‍ച്ച ഭക്ഷണം വിളമ്പുന്നതിന് നേത്യത്വം നല്‍കി. നേര്‍ച്ച ഭക്ഷണത്തോടൊപ്പം പായസവും നല്‍കിയത് ഊട്ടു നേര്‍ച്ച ഹ്യദ്യമായ അനുഭവമാക്കി.
ഒരു മണിയോടെ ഊട്ടു നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍. റെമീജിയൂസ് ഇഞ്ചനാനിയില്‍ നവീകരിച്ച പള്ളിമുറികളുടെയും പുതുതായി പണിത കുടുംബക്കല്ലറകളുടെയും വെഞ്ചിരിപ്പു കര്‍മം നിര്‍വഹിച്ചു.
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍





