12 മാർച്ച് 2012

നാളികേരത്തില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി അജു എന്ന യുവ കര്‍ഷകന്‍

                                  
                 കുടിയേറ്റ മേഖല കാര്‍ഷിക രംഗത്ത് കിതച്ചു തുടങ്ങിയപ്പോള്‍ എല്ലാവരില്‍  നിന്നും വ്യത്യസ്ഥമായി ചിന്തിച്ച് നാളികേരത്തില്‍ നിന്ന് വൈവിധ്യമാര്‍ന്ന  ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു കൊണ്ട് വിജയം നേടുകയാണ് പുന്നക്കല്‍ സ്വദേശിയായ പുന്നക്കുന്നേല്‍ അജു എമ്മാനുവല്‍ എന്ന യുവ കര്‍ഷകന്‍. തേങ്ങയുടെ വിലയിലുണ്ടായ ഇടിവും സ്ഥിരതയില്ലായ്മയുമാണ് നാളികേരത്തില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ന് എല്ലാ ക്യഷിക്കാരും തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വിലയില്ലായ്മയെ പരിതപിച്ച് കാലം കഴിക്കുമ്പോള്‍ ഈ യുവ കര്‍ഷകന്‍ അതിനെ തരണം ചെയ്ത് വിജയം കൊയ്യുന്നത് എല്ലാവര്‍ക്കും ഒരു ശുഭ പ്രതീക്ഷ നല്‍കുന്നു.

                                            ഉല്‍പന്നങ്ങള്‍
                     തേങ്ങാ വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുന്ന 'കോക്കനട്ട് ഹണി' എന്ന ജാം,  'വേപ്പിലക്കട്ടി' എന്ന പേരില്‍ ഇറക്കുന്ന പുളിഞ്ചമ്മന്തിപ്പൊടി, ഇളം തേങ്ങയില്‍ നിന്നുമുള്ള അച്ചാര്‍ , തേങ്ങാ വെള്ളത്തില്‍ നിന്നുമുള്ള സ്ക്വാഷ്, കറികളില്‍ നേരിട്ട് അരച്ചു ചേര്‍ക്കാന്‍ പാകത്തില്‍ തേങ്ങ വറുത്തത്, അവലോസു പൊടി കൂടാതെ ജിഞ്ചര്‍ ജാം , ജിഞ്ചര്‍ വൈന്‍, എന്നിവയാണ് അജു 'കണ്‍ട്രി കൂക്ക് ' എന്ന വ്യാപാര നാമത്തില്‍ വിപണിയിലെ ത്തിക്കുന്നത്.
               സ്വന്തം ക്യഷിയിടത്തിലുള്ള നാളീകേരം ഉപയോഗിച്ചാണ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയതെങ്കിലും ആവശ്യക്കാര്‍ കൂടിയതോടെ അയല്‍ പക്കങ്ങളില്‍ നിന്നും നാളികേരം ശേഖരിച്ചും ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ചെറിയ തോതില്‍ തുടങ്ങിയ ഈ പദ്ധതി ആവശ്യക്കാര്‍ കൂടിയതോടെ വിപുലീകരിക്കേണ്ട അവസ്ഥയിലേക്കെത്തി യിട്ടുണ്ട്. മലപ്പുറം ക്യഷി വിജ്ഞാന കേന്ദ്രം , കാസര്‍ഗോഡ് സി പി സി ആര്‍ ഐ, നാളികേര വികസന ബോര്‍ഡ്, വ്യവസായ വകുപ്പ്, ക്യഷി വകുപ്പ് എന്നിവര്‍  ഈ കര്‍ഷകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ കോഴിക്കോട് ജില്ലയിലെ എല്ലാ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ് .
                   നാളികേരത്തില്‍  നിന്നും കൊപ്രയും വെളിച്ചെണ്ണയും മാത്രം ഉല്‍പാദിപ്പിച്ച് അതില്‍ നിന്നുമുള്ള തുശ്ചമായ ലാഭം മാത്രം കര്‍ഷകന് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, വ്യത്യസ്ഥമായ പത്തോളം മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുമായി കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രചോദനമായി, മാത്യകയായി നിലകൊള്ളുന്ന അജു തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അജു എമ്മാനുവല്‍ 
മൊബൈല്‍ ഫോണ്‍ :9447743306, 9544039294

                    അജുവിനെക്കുറിച്ച് വിവിധ മലയാളം ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍



മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍