ജനുവരി മുതല്‍ സ്പാര്‍ക്ക് സമ്പ്രദായത്തിലുള്ള ശമ്പള ബില്ലുകള്‍ നിലവില്‍ വരുന്നതിനാല്‍, തിരുവമ്പാടി സബ് ട്രഷറിയുടെ കീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഡി.ഡി.ഒ. (Drawing and Disbursing Officer) മാര്‍ക്കും, എസ്.ഡി.ഒ. (Self Drawing Officer) മാര്‍ക്കും തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ക്ലാസ്സില്‍ വെച്ച് സാലറി ജെനറേറ്റു ചെയ്യുന്ന വിധം, സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ എങ്ങിനെയാണ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുക എന്ന കാര്യങ്ങള്‍ വിശദീകരിക്കും. ഫെബ്രുവരി മുതല്‍ സ്പാര്‍ക്കില്‍ തയാറാക്കിയ ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കൂ.
SPARK (Service and Payroll Administrative Repository for Kerala)
കേരളത്തിലെ അഞ്ചര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും,മറ്റു ധന വിനിയോഗങ്ങളും ഒരു സംവിധാനത്തിനു കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് സേവന-ശമ്പള പട്ടിക പരിപാലനത്തിനു വേണ്ടി G2E വെബ് അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ സ്പാര്‍ക്ക് വികസിപ്പിച്ചിരിക്കുന്നത്. സര്‍വീസ് ബൂക്കിലുള്ളതു പോലെ സേവന ചരിത്രം പരിശോധിക്കാനും പ്രകടനം വിലയിരുത്താനും ബില്ലുകളും, ഓര്‍ഡറുകളും, റിപ്പോര്‍ട്ടുകളും പരിശോധിക്കാനും ഉള്ള സൌകര്യങ്ങള്‍ സ്പാര്‍ക്കില്‍ ഉണ്ട്. 2004ല്‍ രൂപപ്പെട്ട സ്പാര്‍ക്ക് പൈലറ്റ് പദ്ധതിയായി 2005-06 കാലഘട്ടത്തില്‍ നടപ്പിലാക്കുകയും. പിന്നീട് 2008 മുതല്‍ സമയബന്ധിതമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതുമാണ്. സംസ്ഥാനത്തിനു മുഴുവനുമായി കേന്ദ്രീക്യതമായ ഒരു ഡാറ്റ ബേസ് സ്യഷ്ടിക്കുക. ഓരോ ഉദ്യോഗസ്ഥനും സ്ഥിര നമ്പര്‍ നല്കുക, ശമ്പള ബില്ലുകള്‍ എളുപ്പത്തിലും കാര്യക്ഷമമായി തയാറാക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍ നേരിട്ട് നടപ്പാക്കുക, വിവര ശേഖരണവും രേഖപ്പെടുത്തലും എളുപ്പത്തിലാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ സ്പാര്‍ക്കിലേക്ക് ഓരോ ജീവനക്കാരന്റെയും സര്‍വീസ് ബുക്കിലുള്ള സേവന ചരിത്രം രേഖപ്പെടുത്തി PEN (Permanent Employee Number)നമ്പര്‍ നല്കുകയാണ് ചെയ്യുന്നത്. ഇത് സ്ഥിര ഉദ്യോഗസ്ഥ നമ്പറായിട്ടാണ് കണക്കാക്കുന്നത്. PEN നമ്പര്‍ സ്പാര്‍ക്കിന്റെ ഡാറ്റാബേസില്‍ ജീവനക്കാരനെ തിരിച്ചറിയുവാനുള്ള എറ്റവും പ്രധാനപ്പെട്ട കോഡു കൂടിയാണ്. സ്പാര്‍ക്കില്‍ ജീവനക്കാരന്റെ എല്ലാ വിവരങ്ങളും, ശമ്പള സംബന്ധമായ കാര്യങ്ങളും ഒരിക്കല്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍. സ്പാര്‍ക്കു വഴി മാത്രമെ പിന്നീട് ശമ്പളവും മറ്റു ധനവിനിയോഗങ്ങളും കൈകാര്യം ചെയ്യുവാന്‍ സാധിക്കൂ. സാലറി, ജി.പി.എഫ്, ഇന്‍കംടാക്സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കുക, ഇന്‍ക്രിമെന്റ് പാസാക്കുക, ലീവ് സറണ്ടര്‍, അരിയര്‍ ബില്ലുകള്‍ തയാറാക്കുക, തിരിച്ചടവുകള്‍, ലോണുകള്‍ മുതലായ കാര്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നു. കൂടാതെ ഓരോ ജീവനക്കാരന്റെയും ബാങ്ക് അക്കൌണ്ടിനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ച് സുതാര്യത ഉറപ്പു വരുത്തുകയുമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കൈകാര്യം ചെയുന്നത് ഓരോ സ്ഥാപനത്തിലെയും മേലധികാരിയോ അല്ലെങ്കില്‍ ചുമതലപ്പെടുത്തിയ ആളുകളൊ ആയിരിക്കും ചെയ്യുക. വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുകയും കുറ്റമറ്റ രീതിയില്‍ സര്‍ക്കാരിന്റെ ധനവിനിയോഗം കാര്യക്ഷമമാക്കുക്കയുമാണ് സ്പാര്‍ക്ക് സംവിധാനം എര്‍പ്പെടുത്തുക വഴി ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
തയാറാക്കിയത് : സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
തയാറാക്കിയത് : സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍