19 ജനുവരി 2012

കൂടരഞ്ഞി ദേവാലയ തിരുനാള്‍ ആഘോഷിച്ചു


          അത്ഭുത പ്രവര്‍ത്തകനായ വി.സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ കൂടരഞ്ഞി ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജനുവരി 15ന് ഞായറാഴ്ച പള്ളിവികാരി റവ.ഫാ.ജെയിംസ് വാമറ്റത്തിലാണ് തിരുനാളിന് കൊടിയേറ്റിയത്. പ്രധാന തിരുനാള്‍ ദിനമായ ഇന്ന് (വ്യാഴാഴ്ച), വൈകുന്നേരത്തെ   ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കും  ലദീഞ്ഞിനും റവ ഫാ.ജോസഫ് താണ്ടാം പറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വി.സെബാസ്റ്റ്യാനോസിന്റെ തിരുസ്വരൂപവും, പൊന്നിന്‍ കുരിശും, മുത്തുക്കുടകളും വഹിച്ച് കൂടരഞ്ഞി ടൌണ്‍ കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിനു നൂറുകണക്കിന് വിശ്വാസികള്‍ പങ്കാളികളായി.

  
   തിരുനാളിനോടനുബന്ധിച്ച് നടന്ന വാദ്യമേളങ്ങള്‍ വീക്ഷിക്കുവാന്‍ നൂറുകണക്കിനാളുകളാണ് പള്ളിക്കു മുന്നില്‍ തടിച്ചു കൂടിയത്.ചെണ്ട മേളവും, ബാന്റു വാദ്യങ്ങളും ജനങ്ങളില്‍  ആവേശമുണര്‍ത്തി. പ്രദേശിക കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് ആയ CTV തിരുനാളിന്റെ തല്‍സമയ സംപ്രേഷണം നടത്തിയിരുന്നു. നിരവധി ക്യാമറകളും, LCD ടെലിവിഷന്‍ സ്ക്രീനുകളും, ബിഗ് സ്ക്രീനുകളും  വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച് തികച്ചും പ്രഫഷണലായി തന്നെ തിരുനാള്‍ കവര്‍ ചെയ്ത് പ്രേഷകരിലെത്തിച്ചു.