28 സെപ്റ്റംബർ 2011

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ കര്‍മ്മ പരിപാടികള്‍ നാളെ ആരംഭിക്കുന്നു.


                                 തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ കര്‍മ്മ പരിപാടികള്‍ നാളെ ആരംഭിക്കും. നാളെ വാര്‍ഡുതല കമ്മറ്റികള്‍ ചേര്‍ന്ന് വിവിധതലങ്ങളിലെ കര്‍മ്മ പദ്ധതികള്‍ വിലയിരുത്തും. നാളെ സ്ക്കൂളുകള്‍,വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തും. ഒക്ടോബര്‍ ഒന്നിനു രാവിലെ 8 മണി മുതല്‍ 11 മണി വരെ ശുചിത്വ ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ അടച്ചിട്ട് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യും. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധത സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ജനശ്രീ, രാഷ്ട്രീയ  പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. 

          4,5,17 വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍  പുല്ലൂരാംപാറ,പള്ളിപ്പടി അങ്ങാടികളും. 6,7 വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍  പുന്നക്കല്‍ അങ്ങാടിയും. 15,16 വാര്‍ഡിലെ പ്രവര്‍ത്തകര്‍ അത്തിപ്പാറ, ഇരുമ്പകം, തമ്പലമണ്ണ അങ്ങാടിയും  9,13,14 വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍ തിരുവമ്പാടി ടൌണും ശുചീകരിക്കും. ഒന്നാം തീയതി തൊഴിലുറപ്പു പദ്ധതി നിര്‍ത്തി വെച്ച് ശുചീകരണത്തില്‍ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍  ആവശ്യപ്പെട്ടു. രണ്ടാം തീയതി കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് ശുചീകരണ പരിപാടികള്‍ വിലയിരുത്തും.