05 ഏപ്രിൽ 2011

കര്‍ഷകര്‍ക്ക് പുത്തനുണര്‍വേകി കൂടരഞ്ഞിയിലെ കാര്‍ഷിക മേള

           
                  താമരശ്ശേരി രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൂടരഞ്ഞിയില്‍ 2011 ജനുവരി മാസം 15, 16, 17 തീയതികളില്‍ സംഘടിപ്പിച്ച കാര്‍ഷിക മേള സമാപിച്ചത് മലയോര കര്‍ഷകര്‍ക്ക് പുത്തനുണര്‍ വേകിക്കൊണ്ടാണ്. ആധുനിക കൃഷി രീതികളും ഉത്പാദന, വിപണന സാധ്യതകളും പരിചയപ്പെടുത്തുകയും ക്ഷീരോത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.




    താമരശ്ശേരി രൂപതയുടെ പിന്നിട്ട 25 വര്‍ഷങ്ങളുടെ പ്രതീകമായി 25 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്. രൂപതാ വികാരി ജനറാള്‍ മോണ്‍. തോമസ് നാഗപറമ്പില്‍ പതാക ഉയര്‍ത്തി. ശബരിമല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന സമ്മേളനവും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കിയിരുന്നു.



              നൂറിലധികം സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ള കാര്‍ഷിക മേളയ്ക്ക് ആദ്യ ദിവസം തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം  കാണാനെത്തി. വിവിധ കാര്‍ഷികവിളകളുടെ വിത്തുകളും തൈകളും ആധുനിക കാര്‍ഷികോപകരണങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണമായത്. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

   
               മേളയുടെ രണ്ടാം ദിവസമായ ഞായറാഴ്ച ആയിരങ്ങളാണ് പ്രദര്‍ശനം  കാണാനെത്തിയത്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രാവിലെ മുതല്‍ കുടരഞ്ഞി ഹയര്‍ സെക്കന്‍ഡ‍റി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ജനം ഒഴുകുകയായിരുന്നു. മേളയോടനുബന്ധിച്ച് ഞായാറാഴ്ച നടന്ന ശ്വാനപ്രദര്‍ശനവും, കന്നുകാലി പ്രദര്‍ശനവും വളരെയധികം ആളുകളെ ആകര്‍ഷിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച രൂപതാംഗങ്ങളെ മേളയോടനുബന്ധിച്ച് ആദരിച്ചു.
 
    
     കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാനാറുകള്‍  സംഘടിപ്പിച്ചു. ജൈവ കൃഷിയുടെ സാധ്യതകളെക്കുറിച്ച് വയനാട് കൃഷി ജോ. ഡയറക്ടര്‍ പി. വിക്രമനും വിപണി സാധ്യതകളെക്കുറിച്ച് പ്രൊഫ. ഷീജ തോമാച്ചനും ക്ലാസെടുത്തു. മേളയോടനുബന്ധിച്ച് ഞായറാഴ്ച നടന്ന സെമിനാറുകളില്‍ മലപ്പുറം എ.ഡി.എം.പി. അബ്ദുറഹിമാന്‍, ഡോ. ജോര്‍ജ് കുന്നത്ത്, ഡോ.പി.രാജേന്ദ്രന്‍, പ്രൊഫ. ഇ.ജെ. തോമസ് എന്നിവര്‍ ക്ലാസെടുത്തു. മേള തിങ്കളാഴ്ച സമാപിച്ചു.

                                                                     മേളയില്‍ നിന്ന്