04 ഏപ്രിൽ 2011

പുല്ലൂരാംപാറ‍യുടെ ചരിത്രം

   

പുല്ലൂരാംപാറ‍   

                             കോഴിക്കോട് നഗരത്തില്‍ നിന്നും 40 കി. മീ അകലെ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലൂരാംപാറ. കോഴിക്കോട് - തിരുവമ്പാടി - ആനക്കാംപൊയില്‍ ജില്ലാ റോഡില്‍ തിരുവമ്പാടിക്കും ആനക്കാംപൊയിലിനും ഇടക്കാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1947 ലാണ് പുല്ലൂരാംപാറയില്‍ ആദ്യമായി കുടിയേറ്റം ആരംഭിച്ചത് .
 

 ചരിത്രം
                        1926 ല്‍ തുടങ്ങിയ മലബാര്‍ കുടിയേറ്റത്തോടെയാണ`പുല്ലൂരാംപാറയുടെ ചരിത്രം ആരംഭിക്കുന്നത് ആദ്യ കാലത്ത് മലബാറില്‍ കുടിയേറിയ ആളുകള്‍ വന്‍ തോട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ മണ്ണ് തേടി എത്തിയവരായിരുന്നു. ഇവരാണ് തിരുവതാംകൂര്‍ പ്രദേശത്ത് മലബാറിലെ കുടിയേറ്റ സാധ്യത അറിയിച്ചത്. 1940-55 കാലഘട്ടത്തിലാണ് കുടിയേറ്റത്തിനു വേഗത കൂടിയത് ഇതിനു കാരണങ്ങള്‍ പലതാണ്. ലോകമഹായുദ്ധാനന്തരമുണ്ടായ ക്ഷാമവും ,രാഷ്ട്രീയ പ്രശ്നങ്ങളും കുടിയേറ്റത്തിനു വേഗത കൂട്ടി.

                 
1940 കളിലാണ് പുല്ലൂരാംപാറ‍ പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുന്നത് .അക്കാലത്തു തിരുവമ്പാടി പ്രദേശത്തിന്റെ ജന്മി കല്പകശ്ശേരി തറവാട്ടുകാരും, ജനവാസമില്ലാത്ത മലയോര മേഖലയുടെ ജന്മി മണ്ണിലേടത്തു തറവാട്ടുകാരും ആയിരുന്നു. ജന്മിക്കു പ്രതിഫലം നല്‍കിയാണ്‌ ഭൂമി അവകാശമായി മേടിക്കുന്നത്. അവകാശമായി ലഭിക്കുന്ന ഭൂമിക്കു കാല കാലങ്ങളില്‍ പാട്ടം നല്‍കുകയും ജന്മിയുടെ പേരില്‍ സര്‍ക്കാരില്‍ നികുതി അടക്കുകയും വേണമായിരുന്നു. ഈ വ്യവസ്ഥകളില്‍ ലംഘനം വരുത്തിയാല്‍ കുടിയാന്‍ ഒഴിഞ്ഞു പോകണമായിരുന്നു. അതോടൊപ്പം ജന്മി ആരെന്നറിയാതെ ഇടജന്മി മുഖേന കാര്യസ്ഥന്മാര്‍ വഴി ഭൂമി വാങ്ങിയ പലരും കബളിക്കപ്പെടുകയും, യഥാര്‍ത്ഥ ഉടമക്ക് വീണ്ടും ഭൂമിയുടെ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് .

                
1947 ല്‍ നീണ്ടുക്കുന്നേല്‍ വര്‍ക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേര്‍ന്ന് ) ഏക്കര്‍ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ്‌ പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം..അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങള്‍ ഉണ്ടായിരുന്നു .പകല്‍ സമയങ്ങളില്‍ പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല .എന്നാല്‍ രാത്രിയില്‍ സ്ഥിതി മറിച്ചായിരുന്നു. ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവര്‍ക്ക് സരംക്ഷണമായി ഉണ്ടായിരുന്നത്. പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേര്‍ന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത്.  

                             
                പുല്ലൂരാംപാറയില്‍  സ്ഥലം വാങ്ങിയ പലരും ആദ്യ വര്‍ഷങ്ങളില്‍ താമസിച്ചിരുന്നത് തിരുവമ്പാടി  പ്രദേശത്താണ` എല്ലാ ദിവസവും പണിക്കാരോടൊപ്പം വന്നു പണി കഴിഞ്ഞു വൈകുന്നേരം മടങ്ങി  പോകുമായിരുന്നു. കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം അത്രത്തോളമായിരുന്നു. പിന്നീട് വിള നശിപ്പിക്കാതിരിക്കാന്‍ കാവല്‍ മാടം കെട്ടി രാത്രി കാലങ്ങളില്‍ കാവല്‍ കിടക്കാന്‍ തുടങ്ങി. കുടുംബമായി താമസം തുടങ്ങിയത് ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് .
       
           1954 ആയപ്പോഴേക്കും ഏകദേശം 200 വീട്ടുകാര്‍ താമസം തുടങ്ങിയിരുന്നു.പുല്ലൂരാംപാറ‍ പ്രദേശത്തിന്റെ ചരിത്രം പുല്ലൂരാംപാറ‍ ഇടവക പള്ളിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തിരുവമ്പാടി പള്ളിയുടെ കുരിശു പള്ളിയായിട്ടാണ് പുല്ലൂരാംപാറ‍ ഇടവകയുടെ തുടക്കം. ഫാ.അത്തനേഷ്യസ് ആണ് ഇവിടെ ആദ്യം വി.കുര്‍ബാന അര്‍പ്പിച്ചത്. 1950 ഓഗസ്റ്റ് 20 ആയിരുന്നു ആദ്യ ദിവ്യബലി. 1954 ല്‍ സ്വതന്ത്ര ഇടവകയായി പുല്ലൂരാംപാറ‍ മാറുകയും,ബര്‍ത്തലോമിയോ അച്ചന്‍ വികാരിയായി ചുമതലയേറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് ഷെഡ്‌ മാത്രമായിരുന്ന പള്ളി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ഉപയോഗിച്ചിരുന്നു. 1952 ല്‍ ഒന്ന് മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ ആരംഭിച്ചു .1954 ല്‍ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂള്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തി. ആ വര്‍ഷം തന്നെയാണ് പുല്ലൂരാംപാറ‍യില്‍ ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായത്. സ്കൂള്‍ മാനേജരായി ചുമതലയേറ്റ ബര്‍ത്തലോമിയോ അച്ചന്‍ സ്കൂളിന്റെ കെട്ടിട സൗകര്യം ഏറെ മെച്ചപ്പെടുത്തി. എങ്കിലും  ഉപരിപഠന സൗകര്യം ലഭ്യമാകാന്‍ കാലങ്ങള്‍ വേണ്ടി വന്നു.
             
                         1958 ല്‍ എലന്തു കടവില്‍ ഒരു തൂക്കുപാലം നിര്‍മ്മിച്ചു. അതോടൊപ്പം കുമ്പിടാന്‍ വെള്ളച്ചാട്ടത്തിനു അടുത്തു കൂടി പോയിരുന്ന തിരുവമ്പാടി - പുല്ലൂരാംപാറ‍ റോഡ്‌ കാളിയാംപുഴ വഴിയാക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ് .1959 ല്‍ പള്ളിപ്പടി ഭാഗത്ത്‌ കീലത്തച്ചന്റെ നേതൃത്വത്തില്‍ തൂക്കുപാലം നിര്‍മ്മിച്ചു. 1964 ല്‍ പള്ളിപ്പടിപ്പാലം മുതല്‍ എലന്തുകടവ് വരെ റോഡ്‌ നിര്‍മ്മിച്ചതും,ല്‍ കാളിയാംപുഴ പാലവും, ഇരുമ്പകം പാലം,കറ്റ്യാട് പാലം എന്നിവ നിര്‍മ്മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു.
                                                                           
                          1969 ല്‍ പുല്ലൂരാംപാറ പള്ളി വികാരിയായി വന്ന ഫാ.ഫിലിപ്പ്.മുറിഞ്ഞകല്ലേല്‍ ആണ്. ഈ പ്രദേശത്തിന്റെ വികസന പ്രവര്‍ ത്തനങ്ങള്‍ ക്ക് ഗതിവേഗം കൂട്ടിയത് 1971-72 കാലഘട്ടത്തില്‍  കോഴിക്കോട് നിന്ന് കോടഞ്ചേരി വഴി പുല്ലൂരാംപാറയ്ക്ക് ബസ്സ് സര്‍വീസ് ആരംഭിച്ചു .തിരുവമ്പാടിയില്‍ ബസ്സ്  എത്തുന്നതിനു മുമ്പു തന്നെ പുല്ലൂരാംപാറയില്‍ ബസ്സ് എത്തി.1972-73 ല്‍ തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് മെറ്റല്‍ ചെയ്തു. പുലിക്കയം പാലം , 1974 ല്‍ പള്ളിപ്പടിയിലെ ഇരുമ്പു പാലം എന്നിവയുടെ നിര്‍മ്മാണത്തിനു മുന്‍കൈ എടുത്തു.
              
                     1972 ല്‍ പുല്ലൂരാംപാറയില്‍ വൈദ്യുതി എത്തിക്കാനുള്ള പുല്ലൂരാംപാറ - കോടഞ്ചേരി ലൈന്‍, പുല്ലൂരാംപാറ - നെല്ലിപ്പൊയില്‍  ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.1974 സെപ്തംബര്‍ 24നു വൈദ്യുതി ലൈന്‍ കമ്മീഷന്‍ ചെയ്തു. 1974 ല്‍ ടെലഫോണ്‍ സൌകര്യവും ലഭ്യമായി. 1977 ല്‍ പള്ളിവക  ഏക്കര്‍ സ്ഥലത്ത് ഹോളിക്വീന്‍ ഹോസ്പിറ്റല്‍ ആരംഭിച്ചു. 1986ല്‍ അത് താമരശ്ശേരി രൂപതയുടെ മൈനര്‍ സെമിനാരിയായി മാറുകയും .അതിനുശേഷം 1996ല്‍ താമരശ്ശേരി രൂപതയുടെ ധ്യാന കേന്ദ്രമായ ബഥാനിയ ആയി മാറ്റുകയും ചെയ്തു.1985 ല്‍ പള്ളിപ്പടിയെ പൊന്നാങ്കയവുമായി ബന്ധിപ്പിക്കുന്ന മുരിങ്ങയില്‍ പാലം പണി പൂര്‍ത്തിയായി. 1987-88 കാലത്ത് പൊന്നങ്കയം - മേലേ പൊന്നങ്കയം റോഡ് ഫാ.മാണിമലത്തറപ്പേലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു. 2010 ല്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തുകയും ചെയ്തു.
        
                       2010-11 കാലഘട്ടത്തില്‍ പുല്ലൂരാംപാറയില്‍ വളരെയേറെ മാറ്റങ്ങള്‍  സംഭവിച്ചു. വാര്‍ത്താവിനിമയ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടക്കാന്‍ സാധിച്ചു. കൂടുതല്‍  പേര്‍ക്ക് ടെലഫോണ്‍ കണക്ഷന്‍, മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, ഇന്റെര്‍നെറ്റ്, IP TV സൌകര്യം, ഡിജിറ്റല്‍  കേബിള്‍ ടി.വി, DTH സൌകര്യം, പുതിയ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ ആധുനിക ലോകത്തില്‍ ആവശ്യമായ എല്ലാ സൌകര്യവും പുല്ലൂരാംപാറയില്‍ ഇന്നു ലഭ്യമാണ്.   


:പുല്ലൂരാംപാറയുടെ ചരിത്രം ഇവിടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. പ്രധാനമായും 2004 ല്‍ പ്രസിദ്ധീകരിച്ച സെന്റ് ജോസഫ് ചര്‍ച്ച് പുല്ലൂരാംപാറയുടെ സുവര്‍ണ ജൂബിലി സ്മരണികയില്‍ നിന്നുമുള്ള വസ്തുതകളാണു ഇവിടെ ചേര്‍ത്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇതു പൂര്‍ണ്ണമല്ല. കൂടുതല്‍ വിവരങ്ങള്‍ കൈവശമുള്ളവര്‍ അതു പുല്ലൂരാംപാറ വാര്‍ത്തകളുമായി  പങ്കുവെയ്ക്കുക വിവരങ്ങള്‍ നല്കാനായി pullooramparavarthakal@yahoo.in എന്ന  വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക