01 ജൂലൈ 2013

അടിവാരത്തു നിന്നും പുല്ലൂരാംപാറ വഴിയുള്ള എയര്‍പോര്‍ട്ട് റോഡിന് അനുമതി ലഭിച്ചു.


            മലയോര മേഖലയുടെ വികസന കുതിപ്പിന് കരുത്തേകുന്ന ഒരു പ്രഖ്യാപനത്തിനാണ് ഇന്നലെ വൈകുന്നേരം കൈതപ്പൊയില്‍ സാക്ഷ്യം വഹിച്ചത്. അടിവാരത്തു നിന്നും ചെമ്പുകടവ്-നെല്ലിപ്പൊയില്‍-പുല്ലൂരാംപാറ-പുന്നക്കല്‍-കൂടരഞ്ഞി-കാരശ്ശേരി വഴി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള റോഡിന് അനുമതി നല്കുന്നതായി കൈതപ്പൊയിലില്‍ നടന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

                        എയര്‍പോര്‍ട്ട് റോഡ് കടന്നു പോകുന്ന വഴി മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
             
             അടിവാരം മുതല്‍ കാരശ്ശേരിയില്‍ അരീക്കോട് റോഡിലേക്കുള്ള 28 കിലോ മീറ്റര്‍ റോഡ് വീതി കൂട്ടി ആധുനിക രീതിയില്‍ ബി.എം.ബി.സി. ( bituminous macadam and bituminous concrete ) മാത്യകയില്‍ 26 കോടി രൂപ മുടക്കി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുള്ളത്. പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍  പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന  എയര്‍ പോര്‍ട്ട് റോഡ്, തുഷാരഗിരി റോഡിനു ശേഷം മലയോര മേഖലയില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡാണ്.
                  നിലവില്‍ മലയോര ഹൈവേയുടെ ഭാഗമായ റോഡാണ് ആധുനിക  നിലവാരത്തില്‍ പുതുക്കിപ്പണിത് എയര്‍ പോര്‍ട്ട് റോഡാക്കി മാറ്റുന്നത്. അതു കൊണ്ടു തന്നെ സ്ഥലം അധികം അക്വയര്‍ ചെയ്യാതെ തന്നെ വളരെ വേഗത്തില്‍ റോഡ് പുതുക്കിപ്പണിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ചെമ്പുകടവില്‍ നിന്നും അടിവാരത്തേക്കുള്ള റോഡ് ഇടുങ്ങിയതാണെങ്കിലും ഇരുവശവും റബര്‍ എസ്റ്റേറ്റായതു കൊണ്ടു തന്നെ എളുപ്പത്തില്‍ സ്ഥലം അക്വയര്‍ ചെയ്യാനും സാധിക്കും. കൂടാതെ കോടഞ്ചേരിയില്‍ നിന്നും തുഷാരഗിരിയിലേക്കുള്ള ആധുനിക നിലവാരത്തിലുള്ള  റോഡിന്റെ കുറച്ചു ഭാഗം  ഈ വഴിയാണ് കടന്നു പോകുന്നത്.
              എങ്കിലും ഈ പാതയില്‍ പ്രധാനമായും രണ്ടു പാലങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. വിവാദത്തിലായ  ഇലന്തുകടവു പാലവും, ചെമ്പുകടവു പാലവും. ഈ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എയര്‍ പോര്‍ട്ട് റോഡിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കൂ. റോഡ് നിര്‍മാണം ആരംഭിക്കണമെങ്കില്‍  ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുല്ലൂരാംപാറ, കൂടരഞ്ഞി, തിരുവമ്പാടി തുടങ്ങിയ മലയോര മേഖലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും, വയനാട് ഭാഗത്തേക്കും,  എയര്‍ പോര്‍ട്ടിലേക്കും  ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഈ റോഡ് ഏറ്റവും വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നു തന്നെ കരുതാം.