10 ജൂൺ 2013

പച്ചക്കറികളിലെ കീടനാശിനി‍ കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍.



          മായമില്ലാത്ത ഒന്നും തന്നെ മാര്‍ക്കറ്റുകളില്‍ ലഭിക്കില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍.. എന്നാല്‍ പ്രകൃതിയിലേക്കു മടങ്ങി പച്ചക്കറികള്‍ കഴിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് വളരെ കൂടുതലാണ്. പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറത്തു നിന്നും വരുന്നവ. പച്ചക്കറിക്ക് കാഴ്ചയില്‍ കൂടുതല്‍ വലിപ്പവും മുഴുപ്പും തോന്നിക്കുന്നതിനും പുതുമ ഏറെ സമയം നിലനിര്‍ത്തുന്നതിനും പല തരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഇത് ഒഴിവാക്കാം. അതിനായുള്ള ചില എളുപ്പ മാര്‍ഗങ്ങള്‍.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
  •  പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.
  •  വാളന്‍ പുളിയും  വിനീഗറും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തില്‍ പച്ചക്കറികള്‍ കഴുകിയാല്‍ കീടനാശിനികള്‍ ഇല്ലാതാക്കാം. പച്ചക്കറികളിലെ 95 ശതമാനം കീടനാശിനികള്‍ ഇല്ലാതാകുമെന്നാണ് പറയപ്പെടുന്നത്.
  •  അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.
  • ചെറുചൂടുവെള്ളത്തില്‍ മഞ്ഞള്‍ കലക്കി പച്ചക്കറികള്‍ മുക്കി വെയ്ക്കുക.
  • ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കി വെച്ച ശേഷം കഴുകിയെടുക്കുക.
  •  കാബേജ് പാകം ചെയ്യുന്നതിന് മുമ്പ് പുറത്തുള്ള രണ്ടു ഇതളുകള്‍ എങ്കിലും അടര്‍‍ത്തി മാറ്റുക.
  • പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, ബ്രഷു കൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.
  • ഞെട്ടിന്‍റെ ഭാഗം മുറിച്ചു കളഞ്ഞു വേണം തക്കാളി ഉപയോഗിക്കാന്‍.
  • ധാന്യങ്ങള്‍‍ ആവി കയറ്റിയ ശേഷം മാത്രം ഉപയോഗിക്കുക.
  • കട്ടിയുള്ള തൊലിയുള്ളവ തൊലി കളഞ്ഞു കഴിക്കുക.
  • പച്ചക്കറികള്‍ കഴിവതും ആവിയില്‍ വേവിക്കുക.
  • കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.   
  •  വിദേശത്തു നിന്നും  വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ മെഴുക് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ മെഴുക് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.