25 ഏപ്രിൽ 2013

നാട്ടുകാരെയും സിനിമയിലെടുത്തു.


               പുല്ലൂരാംപാറയില്‍ ഷൂട്ടിംഗുകള്‍ പലത് നടന്നിട്ടുണ്ടെങ്കിലും   ഇതാദ്യമായിട്ടാണ് നാട്ടുകാര്‍ക്ക് സിനിമയില്‍ തലകാണിക്കാന്‍ അവസരം ലഭിക്കുന്നത്. തലേ ദിവസം തന്നെ അറിയിച്ചിരുന്നതിനാല്‍ കുട്ടികളും നാട്ടുകാരുമെല്ലാം   തന്നെ ഒരുങ്ങിയാണ് വന്നിരുന്നത്. പ്രധാനമായും ഹൈസ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു ഷൂട്ടിംഗ് നടന്നത് അതുകൊണ്ടു തന്നെ പുല്ലൂരാംപാറ സ്കൂളിലെ ടീച്ചേഴ്സിനും, നാട്ടുകാര്‍ക്കും സ്കൂള്‍ കുട്ടികളുടെ ടീച്ചേഴ്സും രക്ഷിതാക്കളുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചു.


                                      സ്കറിയ സാറും തെരേസാ ടീച്ചറും സ്റ്റേജില്‍ ഇരിക്കുന്നു
            കോഴഞ്ചേരിയിലെ പ്ലാങ്കമണ്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍  നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെ ചിത്രീകരണമാണ് ഇവിടെ  നടന്നത്. ഇതില്‍ നൂറിലധികം സ്കൂള്‍ കുട്ടികളെ ആവശ്യമുണ്ടായിരുന്നു അതു കൊണ്ടു തന്നെ കുട്ടികളോട് യൂണി ഫോമില്‍ വരണമെന്ന് അറിയിച്ചിരുന്നെങ്കിലും ആശയ വിനിമയത്തിലുണ്ടായ തകരാറു മൂലം വളരെക്കുറച്ചു കുട്ടികള്‍ മാത്രമെ എത്തിയുള്ളു പിന്നീട് കുട്ടികളെ ഫോണ്‍ വഴിയും മറ്റും സംഘടിപ്പിക്കുകയായിരുന്നു.
                                            ഭക്ഷണ വിതരണം
           രാവിലെ മുതല്‍ വൈകുന്നേരം വരെ  നാട്ടുകാരും കുട്ടികളുമെല്ലാം തന്നെ പൊരി വെയിലത്ത് നിന്നു കൊണ്ട് ചിത്രീകരണത്തിനു  വേണ്ട വിധം സഹായം നല്കി. സൂര്യതാപത്തെ ചെറുക്കാനായി ആവശ്യത്തിനു വെള്ളവും മറ്റും നല്കാന്‍ തയ്യാറായി യൂണിറ്റംഗങ്ങള്‍ ചുറ്റുമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടായില്ല നാട്ടുകാരില്‍ ചിലരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പ്രത്യേകം തിരഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് പ്രത്യേക പ്രതിഫലം നല്കുകയുണ്ടായി.സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ബിരിയാണിയും വൈകുന്നേരം ഷൂട്ടിംഗ് അവസാനിക്കുമ്പോള്‍ കൈയില്‍ നൂറു രൂപയും നല്കിയത് പൊരി വെയിലത്ത് നിന്ന കഷ്ടപ്പാടിന് തെല്ലാശ്വാസമായി. കൂടാതെ ഷൂട്ടിംഗില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചയ്ക്കു ഭക്ഷണവും വൈകുന്നേരം ചായയും നല്കി.
                                    ഷൂട്ടിംഗിന്റെ അവസാന മണിക്കൂറുകളില്‍ മഴ പെയ്തപ്പോള്‍           
         ഇതിനിടയില്‍ പ്രധാന സീനുകളില്‍ തലകാണിക്കാന്‍ ഭാഗ്യമുണ്ടായത് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്കറിയാ സാറിനും യു.പി.സ്കൂള്‍ ടീച്ചര്‍ തെരേസ് ജോര്‍ജ്ജിനുമാണ്. സ്കൂള്‍ സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നടക്കുന്ന സ്റ്റേജില്‍ നെടുമുടി വേണുവിനോടും, ബാലചന്ദ്ര മേനോണോടും ഒപ്പം ഇരിക്കാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇന്നത്തെ ഷൂട്ടിംഗിന്റെ അവസാന സീനുകളില്‍ മീര നന്ദനും കുട്ടികളുമൊത്തുള്ള സീനുകള്‍ രസം പകരുന്നതായിരുന്നു. മിഠായിയുമായി വരുന്ന മീര നന്ദനെ കുട്ടികള്‍ ഓടി ച്ചെന്നു പൊതിയുന്ന രംഗം നാലു പ്രാവശ്യമാണ് റീടേക്ക് എടുക്കേണ്ടി വന്നത്.


                                  മമ്മൂട്ടി പോകാനിറങ്ങിയപ്പോളുള്ള തിരക്ക്
              കൂടുതല്‍ ആളുകളും മമ്മൂട്ടിയോടൊപ്പം വടം വലി സീനുകളില്‍ അഭിനയിക്കാമെന്ന പ്രതീക്ഷയോടെയാണ് വൈകുന്നേരം വരെ കാത്തു നിന്നത്. വടം വലിക്കായി ഒറിജിനല്‍ ടീമുകളെയും, വടവും കൊണ്ടു വന്നിരുന്നെങ്കിലും  ചിത്രീകരിക്കാന്‍ സാധിച്ചില്ല. സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും സംവിധായകന്റെ നിര്‍ദ്ദേശമനുസരിച്ച് കൈയടിച്ചും, ക്യാമറക്കു മുന്നിലേക്ക് തല നീട്ടി നിന്നും, ഒരോ സീനുകളിലേക്ക് വിളിക്കുമ്പോഴും ക്യാമറക്കു മുന്‍പിലേക്ക്  തിക്കും, തിരക്കുമുണ്ടാക്കി ഓടിയെത്തി പൊരിവെയിലത്ത് നിന്ന് അഭിനയിച്ച കുട്ടികളും, നാട്ടുകാരും തങ്ങളുടെ തല ബിഗ് സ്ക്രീനില്‍  വരുമ്പോള്‍ (എഡിറ്റ് ചെയ്തു കളഞ്ഞില്ലെങ്കില്‍ ) കാണാമെന്ന പ്രതീക്ഷയോടെയാണ് ഷൂട്ടിംഗ് അവസാനിച്ച് മടങ്ങിയത്. 
                                     ചില ലൊക്കേഷന്‍ കാഴ്ചകള്‍