23 മേയ് 2012

അവര്‍ പറന്നകുന്നു വീണ്ടും വരുവാനായി...

പൊത്തിനു സമീപം പൊന്‍മാന്‍ കുഞ്ഞ്
        പുല്ലൂരാംപാറ പള്ളിപ്പടിക്കു സമീപം  ഒരു വീടിനു പുറകിലുള്ള മണ്‍തിട്ടയില്‍ സ്ഥിരമായി കൂടൊരുക്കുന്ന പൊന്‍മാന്‍ കുടുംബം  കൌതുകമാകുന്നു. പുല്ലൂരാംപാറ യു.പി. സ്കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ കൊടുകപ്പള്ളി സെബാസ്റ്റ്യന്‍  സാറിന്റെ വീടിനു പുറകിലാണ് ഈ അപൂര്‍വ്വ കാഴ്ച. കിണറുകളിലും, ജലാശയങ്ങളുടെ സമീപവും  മറ്റും മണ്ണു തുരന്നുണ്ടാക്കിയ പൊത്തുകളില്‍ സാധാരണയായി മുട്ടയിടാറുള്ള പൊന്‍മാന്‍ മനുഷ്യ സാമീപ്യമുള്ള സ്ഥലങ്ങളില്‍ അപൂര്‍വമായി മാത്രമേ  മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാറുള്ളൂ.  
മുട്ടവിരിഞ്ഞിറങ്ങിയ സമയത്തുള്ള ദ്യശ്യം
        നവംബര്‍ മുതല്‍ ജൂണ്‍ വരെ പ്രജനന  കാലമുള്ള പൊന്‍മാന്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തോടെയാണ് ഈ വീടിനു സമീപം മുട്ടയിടാനായി എത്തുന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ പുതിയ പൊത്തുണ്ടാക്കിയാണ് ഈ പൊന്‍മാന്‍ കുടുംബം മുട്ടയിടുന്നത്. ഏകദേശം ഒരു മീറ്ററോളം നീളത്തില്‍ പൊത്തുണ്ടാകുന്ന ഇവ ഇവിടെ ഒരടിയോളം നീളത്തില്‍ മാത്രമാണ് പൊത്തുണ്ടാക്കിയിരിക്കുന്നത്. സാധാരണയായി പൊന്മാനുകള്‍ ഒരു തവണ ഏഴു മുട്ടകള്‍ വരെ ഇടാറുണ്ട്. ഇവിടെ വീടിനു പുറകിലുള്ള മണ്‍ തിട്ടയില്‍  ഉണ്ടാക്കിയ പൊത്തില്‍ ഇക്കൊല്ലം ഇവ നാലു മുട്ടകളാണ് ഇട്ടത്. ആണ്‍ പൊന്‍മാനും പെണ്‍ പൊന്‍മാനും ചേര്‍ന്ന് അടയിരുന്ന മുട്ട കഴിഞ്ഞ ഏപ്രില്‍ മാസം അവസാനത്തോടെ വിരിഞ്ഞ് നാലു കുഞ്ഞുങ്ങളും  പുറത്തു വന്നു.

മുട്ട വിരിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമുള്ള ദ്യശ്യം
     കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ വളരെയേറെ ശ്രദ്ധ കാണിക്കാറുള്ള ഇവ കാക്കളും മറ്റു പക്ഷികളും മറ്റും ഈ പൊത്തിനടുത്തേക്കു വരുമ്പോള്‍ കൊത്തി ഓടിക്കാറുണ്ട്.   പൊതുവെ ഒരു ശബ്ദം പോലും പുറപ്പെടുവിക്കാത്ത പൊന്‍മാന്‍ കുഞ്ഞുങ്ങള്‍  തള്ള പൊന്‍മാന്‍  അരികിലെത്തുമ്പോള്‍ മാത്രമേ ശബ്ദമുണ്ടാക്കാറുള്ളൂ എന്ന് സെബാസ്റ്റ്യന്‍ സാര്‍  നിരീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുമായി പറന്നകന്ന പൊന്മാന്‍ കുടുംബത്തിന്റെ അടുത്ത വരവിനായി കാത്തിരിക്കുകയാണ് വീടും പരിസരവും.

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ പൊത്തുകള്‍
  സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
        ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍