26 ഒക്‌ടോബർ 2011

ദീപാവലിക്ക് തകര്‍പ്പന്‍ റിലീസുകളുമായി മലയോര മേഖലയിലെ തീയേറ്ററുകള്‍ ....

        മലയോര മേഖലയില്‍ മുക്കത്തും തിരുവമ്പാടിയിലുമായി 5 സിനിമാ റിലീസിംഗ് സെന്ററുകളാണുള്ളത്. ഇക്കുറി ദീപാവലിക്ക്  എക്കാലത്തെയും ചെലവേറിയ മൂന്ന്  അന്യഭാഷാ ചിത്രങ്ങളാണ് ഈ സിനിമാ റിലീസിംഗ് സെന്ററുകളിലെത്തിയിരിക്കുന്നത്. വിജയ് യുടെ 'വേലായുധവും', ഷാരൂഖ് ഖാന്റെ 'റാ വണും', സൂര്യയുടെ 'ഏഴാം അറിവു'മാണ് ഇക്കുറി ദീപാവലി റിലീസായി പ്രദര്‍ശനം  ആരംഭിച്ചിരിക്കുന്നത്. ഈ സിനിമകള്‍ക്ക് മലയോര മേഖലയിലെ സിനിമാ പ്രേമികളുടെ ഇടയില്‍ മികച്ച പ്രതികരണമാണ്  ലഭിച്ചിരിക്കുന്നത്.


            തിരുവമ്പാടിയിലെ ഹാരിസണ്‍ തീയേറ്ററിലും  മുക്കത്തെ അഭിലാഷ് തീയേറ്ററിലുമായി  വിജയ് യുടെ 'വേലായുധം' ഇന്ന് ദീപാവലി ദിനത്തില്‍ മലയോര മേഖലയില്‍ റിലീസ് ചെയ്തു.
                       വിജയ് കൊച്ചിയില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നു
          
എം .രാജ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വിജയ് സാധാരണ മനുഷ്യനില്‍ നിന്ന് സൂപ്പര്ഹീറോയിലേക്കുള്ള പകര്‍ന്നാട്ടമാണ് നടത്തുന്നത്. ജെനീലിയയും ഹന്‍സികയുമാണ് നായികമാര്‍. മലയാളി താരം ശരണ്യ ചിത്രത്തില്‍ വിജയ് യുടെ അനിയത്തിയായി വേഷമിടുന്നു. ദീപാവലി ദിനത്തില്‍ കേരളത്തിലെ 104 തീയേറ്ററുകളിലാണ് ചിത്രം റിലീസാവുന്നത്. വിതരണക്കാരായ തമീന്‍ റിലീസിന്റെ അഭ്യര്‍ഥന മാനിച്ച് ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം   വിജയ് കൊച്ചിയില്‍ എത്തിയിരുന്നു.
      മുക്കത്തെ മറ്റൊരു റിലീസിംഗ് സെന്ററായ റോസ് തീയേറ്ററില്‍ ഇന്ത്യയിലെ എക്കാലത്തെയും ചെലവേറിയ സിനിമയായ ഷാരൂഖ് ഖാന്റെ RA-ONE ദീപാവലി സിനിമയായി ഇന്ന് റിലീസ് ചെയ്തു. ഏകദേശം 150 കോടി രൂപയ്ക്കു മേലെയാണ് ഈ സിനിമയുടെ നിര്‍മ്മാണ ചെലവ്. ലോകത്തൊട്ടാകെ 3500 തീയേറ്ററുകളിലാണ് RA-ONE ഇന്ന് റിലീസ് ചെയ്തത്. അവയില്‍ 500 തീയേറ്ററുകളില്‍ 3D യിലാണ് പ്രദര്‍ശിക്കുന്നത്. ഇനി അറിയേണ്ടത് സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് നേടിയ ഇന്ത്യയിലെ ഏറ്റവും കൂടിയ പ്രഥമ ദിന കളക്ഷനായ 21.5 കോടി രൂപയും, ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനായ ആമിര്‍ഖാ‍ന്റെ ത്രീ ഇഡിയറ്റ്സ് നേടിയ 189 കോടി രൂപയും ഷാരൂഖ് ഖാന്റെ RA-ONE  മറികടക്കുമോ എന്നാണ്.

                                   വിജയ് യുടെ വേലായുധത്തെ വെല്ലുവിളിച്ചു കൊണ്ട് സൂര്യ നൂറു കോടിയിലധികം മുടക്കിയ ഏഴാം അറിവുമായാണ് ഈ ദീപാവലിക്കെത്തിയത്. മുക്കത്തെ പി.സി.തീയേറ്ററില്‍ ഈ സിനിമ ദീപാവലി റിലീസായി ഇന്ന് പ്രദര്‍ശനം  ആരംഭിച്ചു. 
     ചൈനീസ് ആയോധനകലയായ കുങ്ഫുവിന്റെ പശ്ചാത്തലത്തിലാണ് 'ഏഴാം അറിവി'ന്റെ കഥ വികസിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജനിച്ചു വളര്‍ന്ന ബോധിധര്‍മന്‍  എന്ന ബുദ്ധസന്ന്യാസിയാണ് കുങ്ഫു അഭ്യാസമുറകള്‍ കണ്ടുപിടിച്ചതെന്ന് തെളിയിക്കുന്ന ചരിത്രരേഖകളുണ്ട്. ബോധിധര്‍മന്‍  പിന്നീട് ചൈനയിലെത്തി താമസമുറപ്പിച്ചതോടെ കുങ്ഫു അവിടെ പ്രചാരത്തിലായി.വര്‍ഷങ്ങള്‍ക്കു ശേഷം  ബോധിധര്‍മനെക്കുറിച്ചറിയാന്‍ ഒരു ഇന്ത്യന്‍ ചെറുപ്പക്കാരന്‍ ചൈനയിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ശാസ്ത്രത്തിന്റെ സഹായത്തോടെ ബോധിധര്‍മന്‍  തന്റെ ഭൗതികശരീരത്തിലെ ജീനുകള്‍ സ്വന്തം ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് ആ യുവാവ്. തുടര്‍ന്ന് അയാളൊരു ആയോധനകലാ വിദഗ്ധനാകുന്നു. സൂര്യ ഈ ചിത്രത്തില്‍ നാലു വ്യത്യസ്തവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.