തിരുവമ്പാടി ടൌണില്‍ ഇന്നലെ രാത്രി പെയ്ത മഴയിലെ ദ്യശ്യം
കടുത്ത വേനലിന് അവസാനം കുറിച്ചു കൊണ്ട് കാലവര്‍ഷത്തിനു മുന്നോടിയായി സംസ്ഥാനമൊട്ടാകെ പെയ്ത പ്രീ മണ്‍സൂണ്‍ മഴ മലയോര മേഖലയില്‍ ശക്തമായി പെയ്തു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ശക്തമായ മഴ കോഴിക്കോട് ജില്ലയിടെ തീരപ്രദേശങ്ങളടക്കം എല്ലായിടങ്ങളിലും പെയ്തു. ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നു. പുല്ലൂരാംപാറയിലും സമീപ പ്രദേശങ്ങളടക്കമുള്ള മലയോര മേഖലയിലും ഇന്നലെ ഉച്ചയ്ക്കു തന്നെ മഴ ആരംഭിച്ചിരുന്നു. ഓവുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന തിരുവമ്പാടി ടൌണില്‍ ശക്തമായ മഴ പെയ്തത് വെള്ളപ്പൊക്കത്തിനു കാരണമായി. കനത്ത മഴയില്‍ റോഡ് തോടായി മാറിയതു മൂലം ഹൈസ്കൂള്‍ റോഡു വഴിയും, കുരിശുപള്ളി ജംഗ്ഷനിലും വഴിയുമുള്ള ഗതാഗതം കുറച്ചു സമയത്തേക്ക് നിലച്ചു.
വേനല്‍ മഴ പുല്ലൂരാംപാറ അടക്കമുള്ള മലയോര മേഖകളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ലഭിച്ചിരുന്നുവെങ്കിലും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ സ്ഥിതി വിത്യസ്ഥമായിരുന്നു.കനത്ത ചൂടും കുടിവെള്ളക്ഷാമവും മൂലം ആളുകള്‍ വലഞ്ഞിരിക്കുന്ന സമയത്ത് കനത്ത മഴ ലഭിച്ചത് താല്ക്കാലിക ആശ്വാസമായിട്ടുണ്ട്. മണ്‍സൂണിനു മുന്നോടിയായിട്ടുള്ള പ്രീ മണ്‍സൂണ്‍ മഴയാണ് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കാലവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം .ഈ മഴ കുറച്ചു ദിവസത്തേക്കു കൂടി തുടരുമെന്നാണ് കരുതുന്നത്.