14 ഓഗസ്റ്റ് 2014

സഞ്ചാരികളുടെ മനം കവര്‍ന്ന് മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടം.


            കോടഞ്ചേരി പഞ്ചായത്തിലെ മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടം ഈ മഴക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജീരകപ്പാറ,വെള്ളരിമല വനമേഖലകളുടെ  ഇടയില്‍ സ്ഥിതി ചെയ്യുന്ന നീലിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നയനമനോഹരമായ ഈ വെള്ളച്ചാട്ടം കൂരോട്ടുപാറ -പുളിയിലക്കാട്ടുപടി റോഡ് അവസാനിക്കുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. റോഡരികില്‍ വാഹനം നിര്‍ത്തി  വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം നുകരാമെന്നുള്ളത് പ്രത്യേകതയാണ്. 



           
         വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള തടാകവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്.  കൂരോട്ടുപാറ-പുളിയിലക്കാട്ടുപടി റോഡ് ഗതാഗതയോഗ്യമാക്കിയതോടെയാണ് സഞ്ചാരികള്‍ ഇങ്ങോട്ടേക്കെത്താന്‍ തുടങ്ങിയത്. പ്രക്യതിസൌന്ദര്യം നിറഞ്ഞു തുടിക്കുന്ന നയനമനോഹരമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സ് കുളിര്‍പ്പിക്കുന്നതാണ് മേലെകൂരോട്ടുപാറ വെള്ളച്ചാട്ടം .



ഇങ്ങോട്ടെക്കെത്താനുള്ള മാര്‍ഗങ്ങള്‍

                         കോടഞ്ചേരിയില്‍ നിന്നും നെല്ലിപ്പൊയില്‍ റോഡുവഴി പത്തുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. കൂടാതെ തിരുവമ്പാടി-പുല്ലൂരാംപാറ-നെല്ലിപ്പൊയില്‍ വഴിയും (പതിനാറു കിലോമീറ്റര്‍), ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാലില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആര്‍ച്ച് പാലം വഴിയും വെള്ളച്ചാട്ടത്തിലേക്കെത്താം .

            വെള്ളരിമല, ഒലിച്ചുച്ചാട്ടം,മറിപ്പുഴ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് മുത്തപ്പന്‍പുഴ റോഡില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെയുള്ള കണ്ടപ്പന്‍ചാലില്‍ ഇരവഞ്ഞിപ്പുഴയ്ക്കു കുറുകെയുള്ള മനോഹരമായ ആര്‍ച്ച് പാലം കടന്ന് കൂരോട്ടുപാറ റോഡില്‍ എത്തി മേലെ കൂരോട്ടുപാറ വെള്ളച്ചാട്ടവും സന്ദര്‍ശിച്ച് തുടര്‍ന്ന് ഏഴുകിലോമീറ്ററോളം യാത്രചെയ്താല്‍ തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലും എത്താം .


   കോടഞ്ചേരിയില്‍ നിന്നും  കൂരോട്ടുപാറ അങ്ങാടി വരെ ബസ് സര്‍വീസുണ്ട്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. ഓട്ടോറിക്ഷ, ടാക്സി ജീപ്പ് സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

                       വാഹന വഴി
  •    കോടഞ്ചേരി-പുലിക്കയം-നെല്ലിപ്പൊയില്‍-നാരങ്ങാത്തോട്-മുണ്ടുര്‍ -കൂരോട്ടുപാറ 
  •   തിരുവമ്പാടി-പുല്ലൂരാംപാറ-നെല്ലിപ്പൊയില്‍ -നാരങ്ങാത്തോട്-മുണ്ടുര്‍ -കൂരോട്ടുപാറ
  •   തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ റോഡ്-കണ്ടപ്പന്‍ചാല്‍ -മുണ്ടുര്‍- കൂരോട്ടുപാറ.   (കണ്ടപ്പന്‍ചാല്‍ പാലം, അപ്രോച്ച് റോഡ് എന്നിവയുടെ ജോലികള്‍  പൂര്‍ത്തിയായ ശേഷം)
NB: കൂരോട്ടുപാറയിലേക്ക് ബസ് സൌകര്യം കോടഞ്ചേരിയില്‍ നിന്നു മാത്രമേ ലഭ്യമാവുകയുള്ളൂ