ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ കോമ്പൌണ്ടില്‍ വെച്ചു നടന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ' തുടര്‍ ചിത്രീകരണം കോഴിക്കോട് ടൌണില്‍ വെച്ചു നടന്നു. മെയ് മാസം 17ന് കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിലും, ബീച്ചിലുമായി നടന്ന ഷൂട്ടിംഗില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും അതേ സമയം മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഏകദേശം പതിഞ്ചോളം കുട്ടികളും അവരുടെ പരിശീലകരും പങ്കെടുത്തു.
രാവിലെ മുതല്‍ നടന്ന ഷൂട്ടിംഗില്‍ തങ്ങളുടെ ഭാഗം അഭിനയിക്കേണ്ടി വന്നത് വൈകുന്നേരമാണെങ്കിലും അതു വരെ അക്ഷമരായി കാത്തു നില്ക്കുകയും തിരിച്ചു പോരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇരൂന്നൂറ്റന്‍പതു രൂപ ലഭിച്ചത് ആശ്വാസമായി. എങ്കിലും കുട്ടികള്‍ക്ക് ഏറ്റവും നേട്ടമായത് തങ്ങളുടെ പ്രിയ താരങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി, ടിനി ടോം, മീരാ നന്ദന്‍, തെസ്നി ഖാന്‍ എന്നിവര്‍ കുട്ടികളോടൊപ്പം നിന്ന് ഫോട്ടൊ എടൂക്കാന്‍ തയാറായി. കൂടാതെ താരങ്ങള്‍ ഓട്ടോഗ്രാഫ് നല്കാനും മറന്നില്ല.
പത്തനംതിട്ടയിലെ പ്ലാങ്കമണ്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് കോഴിക്കോട്ടും പരിസരപ്രദേശത്തുമായി ചിത്രീകരിച്ചത്. ഒരു ജര്‍മ്മന്‍ മലയാളിയായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രശസ്ത സംവിധായകന്‍ രഞ്ജിത് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനായ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കു പുറമെ ജയറാം, ജഗദീഷ്, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍,ടിനിടോം,ശങ്കര്‍ രാമക്യഷ്ണന്‍,നന്ദു, മീരനന്ദന്‍, ശേഖര്‍ മേനോന്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, പ്രേം പ്രകാശ്, മുത്തുമണി തുടങ്ങിയവരും അതിഥിതാരമായി മോഹന്‍ലാല്‍, ദിലീപ് എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ 'ഡാ തടിയാ' ഫെയിം ശേഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ജര്‍മ്മനിയില്‍ ചിത്രീകരണം തുടരുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' ഓണച്ചിത്രമായാണ് തിയേറ്ററുകളിലെത്തുന്നത്.