നോമ്പുവീടലിന് ദിവസങ്ങള്‍ ശേഷിക്കെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാന്‍ ഇനി എമു ഇറച്ചി കൂടി നമ്മുടെ വിഭവങ്ങളുടെ പട്ടികയിലേക്ക്. മാസങ്ങള്‍ക്കു മുന്‍പു വരെ കിലോയ്ക്ക് 600-700 വിലനിലവാരത്തില്‍ ലഭിച്ചു കൊണ്ടിരുന്ന എമുവിന്റെ ഇറച്ചി കിലോക്ക് 200 രൂപ വരെയായിരിക്കുകയാണിപ്പോള്‍. മലയോര മേഖലയില്‍ എമുവിന്റെ ഇറച്ചി ലഭ്യമാകുന്നത് മുക്കത്താണ്. മുക്കത്ത് കുറേക്കാലമായി എമു ഇറച്ചി ലഭ്യമായിരുന്നെങ്കിലും വില ഉയര്‍ന്നതിനാലും, എമുവിനെ കൊന്ന് ഇറച്ചിയാക്കുന്നത് ബുദ്ധിമുട്ടേറിയിരുന്നതിനാലും, വില്പ്പന നിന്നു പോയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി മാര്‍ക്കറ്റ് റോഡിലുള്ള ചിക്കന്‍ പാര്‍ക്ക് എന്ന ഇറച്ചി കടയില്‍ എമു ഇറച്ചി ലഭ്യമാകുന്നുണ്ട്. ഇവിടെ എല്ലാ ദിവസവും എമു ഇറച്ചി ലഭ്യമാണ്. വില മുന്‍പത്തെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞതിനാല്‍ ദിവസേന നിരവധിയാളുകളാണ് മാര്‍ക്കറ്റ് റോഡിലുള്ള ചിക്കന്‍ പാര്‍ക്കിലേക്ക് എമു ഇറച്ചി തേടി വരുന്നത്. എന്നാല്‍ പരീക്ഷിച്ചു നോക്കാനായി അരക്കിലോ ഇറച്ചി മാത്രം വാങ്ങി പോകുന്നവരുമുണ്ട്. ഒരു എമുവില്‍ നിന്നും ഏകദേശം 40 മുതല്‍ 50 കിലോ വരെ ഇറച്ചി ലഭിക്കും. എമു ഇറച്ചി പാചകം ചെയ്യുമ്പോള്‍ മല്ലിപ്പൊടി മാത്രം ചേര്‍ക്കരുതെന്നും എന്നാല്‍ മറ്റു മസാലപ്പൊടികള്‍ പ്രത്യേകിച്ച് കുരുമുളകു പൊടി ഇടുന്നത് നല്ലതാണെന്നാണ് ഇറച്ചിക്കടക്കാരുടെ അഭിപ്രായം. കോഴിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണെങ്കിലും എമു ഇറച്ചി റെഡ് മീറ്റാണ് അതു കൊണ്ടു തന്നെ കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഇത്തിരി നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്.