ഗുണമേന്മയുള്ള നിത്യോപയോഗ സാധങ്ങള്‍ കുറഞ്ഞ വിലക്ക് വീടുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോര്‍ മലയോര ഗ്രാമങ്ങള്‍ക്ക് വിലക്കയറ്റത്തിന്റെ കെടുതിയില്‍ ആശ്വാസമാവുകയാണ്. വീട്ടുമുറ്റത്തൊരു ത്രിവേണി പദ്ധതിയുടെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ മൊബൈല്‍ ത്രിവേണി സ്റ്റോര്‍ അനുവദിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഫലമായി തിരുവമ്പാടി നിയോജക മണ്ഡലത്തിന് അനുവദിച്ച സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ത്രിവേണി സ്റ്റോര്‍ നിലവിലുള്ള അങ്ങാടികളൊഴികയുള്ള തിരുവമ്പാടി മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിലെ എല്ലാ പ്രധാന അങ്ങാടികളിലേക്കും മാസം തോറും രണ്ടു പ്രാവശ്യം നിത്യോപയോഗ സാധനങ്ങളുമായി ഈ വാഹനം ഇപ്പോള്‍ എത്തുന്നുണ്ട്. അരി പോലുള്ള ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്കേണ്ടതാണ്. എന്നാല്‍ ഭൂരിഭാഗം സാധനങ്ങളും റേഷന്‍ കാര്‍ഡില്ലാതെ വാങ്ങാന്‍ സാധിക്കും.