പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസമായ ഇന്ന് വര്‍ണ്ണ ശബളമായ ഘോഷയാത്ര നടന്നു. ഘോഷയാത്രയ്ക്ക് യു.പി.സ്കൂള്‍ പ്രധാനാധ്യാപിക എം.സി. മേരി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ സ്കറിയ മാത്യു എന്നിവര്‍ നേത്യത്വം നല്കി. വൈകുന്നേരം നാലു മണിക്ക് സ്കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയെ നയിച്ചു കൊണ്ട് വനിതകളുടെ ചെണ്ട വാദ്യം മുന്നില്‍ അണിനിരന്നപ്പോള്‍, ജുബ്ബിലി ബാനറിനു പുറകില്‍ മാലാഖാമാര്‍ സമാധാനത്തിന്റെ സന്ദേശവുമായി നടന്നു നീങ്ങി. പിന്നില്‍ വിവിധ നിറങ്ങളിലുള്ള നൂറോളം മുത്തുക്കുടകളുമായി രക്ഷിതാക്കളും സ്കൂള്‍ കുട്ടികളും നീങ്ങിയപ്പോള്‍ പുല്ലൂരാംപാറയുടെ വീഥികള്‍ അടുത്ത കാലത്തെങ്ങും കാണാത്ത വിധത്തിലുള്ള മനോഹരമായ കാഴ്ചയ്ക്കാണ് തുടക്കമായത്.
വര്‍ണ്ണ ശബളമായ ഘോഷയാത്രയില്‍ വിവിധ നിറങ്ങളിലുള്ള കൊടികളും, റിബണുകളും കൈകളിലേന്തിയും, പഴയ കാലത്തെ വസ്ത്രധാരണ രീതികളുമായും, വിവിധ ഭാഷക്കാരുടെ വേഷവിധാനങ്ങളുമായും കുട്ടികള്‍ നടന്നു നീങ്ങിയപ്പോള്‍ യേശു ക്രിസ്തുവും, ഗാന്ധിജിയും, മദര്‍ തെരേസയും, മാവേലിയുമൊക്കെ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കൂടാതെ ഒപ്പന, പരിചമുട്ടുകളി തുടങ്ങി വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു കൊണ്ടും ഘോഷയാത്ര കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു. സ്കൂള്‍ പി.റ്റി.എ. യുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള ഫ്ലോട്ടുകള്‍ ഘോഷയാത്രയോടൊപ്പം ഒഴുകി നീങ്ങിയപ്പോള്‍ ചുണ്ടന്‍ വള്ളത്തിന്റെ ചെറു മാത്യകയിലുള്ള ഫ്ലോട്ട് ഘോഷയാത്രയില്‍ ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിച്ചു.
വൈകുന്നേരം നാലു മണിക്ക് സ്കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ബഥാനിയാ
റോഡു വഴി പുല്ലൂരാംപാറ അങ്ങാടിയിലെത്തി തിരിച്ച് പ്രധാന റോഡു വഴി
പള്ളിപ്പടിയിലെത്തുമ്പോഴേക്കും ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഘോഷയാത്രയെ തുടര്‍ന്ന് വൈകുന്നേരം ആറര മുതല്‍ ആരംഭിക്കുന്ന സാംസ്ക്കാരിക സമ്മേളനവും മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന കലാപരിപാടികളും പുല്ലൂരാംപാറയുടെ യാമങ്ങളില്‍ കലാസന്ധ്യ തീര്‍ക്കും. സംസ്ക്കാരിക സമ്മേളനം താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍, മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രമുഖ തിരക്കഥാക്യത്തും നിര്‍ മ്മാതാവുമായ ആര്യാടന്‍ ഷൌക്കത്താണ്.