19 ഫെബ്രുവരി 2013

കൂമ്പാറ - കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടം.



             ഇന്നു രാവിലെ കക്കാടം പൊയിലിലേക്ക് പോവുകയായിരുന്ന  ലോറി കോട്ടയം വളവില്‍ വെച്ച് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു.അപകടത്തില്‍ ഡ്രൈവറും ക്ലീനറും ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. കുത്തനെയുള്ള കയറ്റങ്ങളും കൊടും വളവുകളുമുള്ള കൂമ്പാറ - കക്കാടംപൊയില്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. 


           രണ്ടാഴ്ചയ്ക്കു മുന്‍പ് കോട്ടയം വളവില്‍ തന്നെ  ഒരു കംപ്രസ്സര്‍ അപകടത്തില്‍ പെട്ടിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ജീപ്പപകടവും നടന്നതിവിടെയായിരുന്നു. കൂടാതെ നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ ഈ വളവില്‍ ഉണ്ടായിട്ടുണ്ട്. റോഡിന്റെ പ്രത്യേകത കണക്കിലെടുക്കാതെയുള്ള ഡ്രൈവിങ്ങാണ് പ്രധാനമായും ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നത്.