15 ഫെബ്രുവരി 2013

മലയോര മേഖലയില്‍ പേമാരിയില്‍ കനത്ത നാശ നഷ്ടം .....

മഞ്ഞക്കടവില്‍ കാറ്റില്‍ നാശം സംഭവിച്ച ജോസ് മാധവത്തിന്റെ വാഴത്തോട്ടം

            മലയോര മേഖലകളായ പുല്ലൂരാംപാറ, ആനക്കാംപൊയില്‍, മഞ്ഞക്കടവ്, പൂവാറന്‍തോട്, കുളിരാമുട്ടി എന്നിവിടങ്ങളില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ഇടിമിന്നലോടുകൂടിയ മഴയിലും കാറ്റിലും  കനത്ത  നാശ നഷ്ടം സംഭവിച്ചു. വ്യാപകമായ തോതിലുള്ള ക്യഷി നാശമാണ് ഇന്നലെയുണ്ടായത്. തെങ്ങ്, വാഴ, റബര്‍ തുടങ്ങിയ വിളകള്‍ക്കാണ് നാശ നഷ്ടം സംഭവിച്ചത്. ശക്തമായ കാറ്റില്‍  നിരവധി വീടുകള്‍ തകരുകയും പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും  വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

               ആനക്കാംപൊയിലിനും പുല്ലുരാംപാറക്കുമിടക്ക് മാവിന്‍ചുവട് ഉരുള്‍പൊട്ടിയ പ്രദേശത്ത് ഇന്നലെ കനത്ത കാറ്റു വീശി നിരവധി ക്യഷികള്‍ക്ക് നാശം സംഭവിച്ചത് വീണ്ടും ഒരു ദുരന്തമായി മാറി. ഈ ഭാഗത്ത് കളപ്പുരക്കല്‍ ജോസിന്റെ വീടിനു മുകളിലേക്ക് തെങ്ങു വീണ് മേല്‍ ക്കൂര തകരുകയുണ്ടായി.നിരവധി ക്യഷിയിടങ്ങളിലെ തെങ്ങ്, റബര്‍, കമുക് എന്നിവ കാറ്റില്‍ തകര്‍ന്നു. കൂടാതെ അഞ്ചോളം വൈദ്യുത പോസ്റ്റുകള്‍ തകരുകയുണ്ടായി. ഇവിടങ്ങളില്‍ വന്‍തോതിലാണ് ക്യഷി നാശമുണ്ടായിട്ടുള്ളത്. ആനക്കാംപൊയിലില്‍ റോഡരികിലുള്ള തേക്കിന്‍ തോട്ടത്തിലെ നിരവധി തേക്കുകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. പുല്ലൂരാംപാറ ജോയി റോഡിനു സമീപമുള്ള ക്യഷിയിടങ്ങളിലും കാറ്റ് നാശം നഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട് ഏകദേശം അരക്കോടിയോളം രൂപയുടെ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

                    മഞ്ഞക്കടവില്‍ ജോസ് മങ്കര, ജോസ് മാധവത്ത്, അബ്രഹാം നാരംവേലില്‍ എന്നിവരുടെ നൂറുകണക്കിനു വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. നായാടന്‍ പൊയിലില്‍ സിബികൂവപ്പാറ, തോമസ് തോട്ടത്തില്‍ എന്നിവരുടെ വാഴകളും കാറ്റില്‍ നശിച്ചു. കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.